വൈപ്പിന്‍: അപകടമരണങ്ങള്‍ തുടര്‍ക്കഥയായി മാറിയ വൈപ്പിനില്‍ ഒരാഴ്ചക്കുള്ളില്‍ നാല് റോഡ് അപകടങ്ങളില്‍ രണ്ട് പേര്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും ബന്ധപ്പെട്ട പോലീസ് -ഗതാഗത വകുപ്പ് അധികൃതര്‍ അപകടങ്ങള്‍ കുറക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ ആക്ഷേപം. കഴിഞ്ഞ ആഴ്ച ചെറായി കരുത്തലയില്‍ നടക്കാനിറങ്ങിയ ചെറായി തൃക്കടാപ്പിള്ളി സ്വദേശി കണ്ണന്‍ മോന്‍ എന്ന എണ്‍പത്തിയഞ്ചുകാരന്‍ കരുത്തല പാലത്തിന്റെ അപ്രോച്ചില്‍ റോഡ് മുറിച്ചു കടക്കവെ പാലം കയറി വന്ന കാര്‍ ദേഹത്ത് ഇടിച്ചു മരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാകട്ടെ കുഴുപ്പിള്ളിയില്‍ അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് മിനിലോറിയെ മറികടക്കുന്നതിനിടയില്‍ അഞ്ചു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് കുഴുപ്പിള്ളി സ്വദേശിയായ അധ്യാപിക മിനി ജോസ്(47)മരിച്ചു. ഈ അപകടത്തില്‍ മറ്റു രണ്ട് അധ്യാപികമാരുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസങ്ങളില്‍തന്നെ കാളമുക്കില്‍ നടന്ന അപകടത്തിലും ചാത്തങ്ങാട് നടന്ന അപകടത്തിലുമായി മൂന്ന് പേര്‍ക്ക് വേറെയും പരിക്കേറ്റിരുന്നു. ഇത് കൂടാതെ ഒരു ഡസനോളം ചെറിയ അപകടങ്ങള്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വൈപ്പിനില്‍ അരങ്ങേറി. ഇതില്‍ കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്.
വൈപ്പിന്‍ സംസ്ഥാന പാതയില്‍ പലയിടത്തും യാത്രക്കാര്‍ക്ക് റോഡ് ക്രോസ് ചെയ്യാന്‍ സീബ്രാലൈനുകള്‍ ഇല്ല. ചിലയിടങ്ങളില്‍ ഓരം ചേര്‍ന്ന് നടന്നു പോകാന്‍ പോലും സ്ഥലമില്ല. പലയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ അനധികൃത കയ്യേറ്റവും ഓട്ടോ റിക്ഷകളുടെ അശാസ്ത്രീയവുമായ പാര്‍ക്കിംഗും റോഡ് അപകടങ്ങള്‍ വര്‍ധിക്കാനുള്ള മറ്റൊരു കാരണമായി ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളില്‍ സ്കൂളുകള്‍ക്ക് മുന്നിലും പ്രധാന കവലകളിലും പോലീസ് സാന്നിധ്യം വളരെ കുറവാണ്. വിലക്കപ്പെട്ട സമയങ്ങളല്‍ ടിപ്പറുകള്‍ പായുന്നതും ഇവിടെ പതിവാണെന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.