ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പത്താമുദയം, പഞ്ചവടിപ്പാലം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിർമാതാവാണ് ഇദ്ദേഹം.
പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. ക്ലാസ്സിക് മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു ഗാന്ധിമതി ബാലൻ. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തിയാണ് ബാലൻ.
അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. പേരിനൊപ്പമുള്ള ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡായി ആയി അത് വളർത്തി.