കൊല്ലം: സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ 20 രൂപയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സംരംഭം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ആരംഭിച്ചു. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 100 സ്റ്റേഷനുകളിലെ 150 സ്പെഷൽ കൗണ്ടറുകൾ വഴിയാണ് കുറഞ്ഞ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.
ജനതാ ഖാന എന്ന പേരിൽ 20 രൂപയ്ക്ക് ഏഴ് പൂരിയും ഉരുളക്കിഴങ്ങ് കറിയും അച്ചാറും പായ്ക്കറ്റിൽ പ്രസ്തുത കൗണ്ടറുകൾ വഴി ലഭിക്കും. ഇക്കണോമി മീൽസ് എന്ന പേരിൽ 50 രൂപയ്ക്ക് ലമൺ റൈസ്, തൈര് സാദം, അച്ചാർ എന്നിവയും പായ്ക്കറ്റിൽ കിട്ടും. തടിയിൽ നിർമിതമായ സ്പൂണും ഒപ്പമുണ്ടാകും. 50 രൂപയ്ക്ക് ഈ കൗണ്ടറുകൾ വഴി വെജിറ്റബിൾ ഊണും ലഭിക്കും. കുറഞ്ഞ നിരക്കിൽ കുടിവെള്ളവും വിതരണം ചെയ്യും.
200 മില്ലി ലിറ്റർ കുപ്പി വെള്ളത്തിന് മൂന്നു രൂപയാണ് വില. പണമിടപാടുകൾക്ക് പേടിഎം സംവിധാനവും കൗണ്ടറുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാലത്ത് യാത്രികർക്ക് മിതമായ നിരക്കിൽ മികച്ച ഭക്ഷണം ലഭ്യമാക്കാനാണ് ഇത്തരം കൗണ്ടറുകൾ ആരംഭിച്ചതെന്ന് ഐആർസിടിസി അധികൃതർ വ്യക്തമാക്കി.
ദീർഘദൂര ട്രെയിനുകൾ പ്ലാറ്റ്ഫോമുകളിൽ എത്തുമ്പോൾ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾക്ക് സമീപമായിരിക്കും കൗണ്ടറുകൾ പ്രവർത്തിക്കുക. സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, വർക്കല, കോട്ടയം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, ആലുവ, തൃശൂർ സ്റ്റേഷനുകളിൽ ഈ കൗണ്ടറുകൾ ആരംഭിച്ചു കഴിഞ്ഞു.
എസ്.ആർ. സുധീർ കുമാർ