‘കഴിഞ്ഞ കോവിഡ് കാലത്ത് കുഞ്ഞുങ്ങളെ ലഹരിയുടെ പിടിയില്‍പ്പെടാതെ എങ്ങനെ കാക്കുമെന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. ഒരിക്കല്‍ പോലും എക്സൈസുകാര് തിരിഞ്ഞുനോക്കാത്ത ആ കോളനിയിലെ ഞങ്ങളുടെ കുഞ്ഞുങ്ങളെ ഓര്‍ത്താണ് അന്ന് അനി കുമാര്‍ സാറിനെ കാണാന്‍ പോയത്. ഞങ്ങളുടെ മുഖത്തെ ആശങ്ക കണ്ട് അദ്ദേഹം ആദ്യം ഒരു കൗണ്‍സലിംഗ് തന്നു. നിങ്ങള്‍ ധൈര്യമായി പോകൂ എന്ന ഉറപ്പും. ആ ഉറപ്പിലാണ് ഞങ്ങള്‍ ഇന്നും സുരക്ഷിതരായി രാജാജി നഗര്‍ കോളനിയില്‍ കഴിയുന്നത്.
ദൈവത്തിന് ചില കാര്യങ്ങള്‍ ചെയ്യാന്‍ പരിധിയുണ്ടാവില്ലേ… ദൈവം അത് മനുഷ്യരിലൂടെ സാധ്യമാക്കിത്തരും. അനി കുമാര്‍ സാര്‍ ഞങ്ങള്‍ക്ക് അങ്ങിനെയാണ്. ദൈവിക പ്രവൃത്തിയുള്ള മനുഷ്യന്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്ന പദവിക്ക് അപ്പുറം ഞങ്ങള്‍ക്ക് സഹോദരനാണ് അദ്ദേഹം’- ഇന്നലെ ട്രിവാന്‍ഡ്രം ക്ലബില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി. അനി കുമാറിന്റെ യാത്രായയപ്പ് ചടങ്ങില്‍ തിരുവനന്തപുരം ചെങ്കല്‍ചൂള കോളനി (ഇന്നത്തെ രാജാജി നഗര്‍ കോളനി)യിലെ വിംഗ് ഓഫ് വിമണ്‍ ലൈബ്രറിയുടെ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകയുമായ ധനൂജ പറഞ്ഞ വാക്കുകളാണിത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ആ ചടങ്ങില്‍ നിലയ്ക്കാത്ത കരഘോഷമാണ് ഈ വാക്കുകൾ കേട്ടപ്പോൾ ഉയര്‍ന്നത്. ലഹരിക്കെതിരേ തുടര്‍ന്നും പൊരുതാനുള്ള തയാറെടുപ്പോടെയാണ് അനികുമാറിന്റെ പടിയിറക്കം…
ലോ കോളജ് പഠനത്തിനിടെ സര്‍ക്കാര്‍ സര്‍വീസിലേക്ക്
തിരുവനന്തപുരം ഗവ. ലോ കോളജില്‍ പഞ്ചവത്സര എല്‍എല്‍ബിയുടെ മൂന്നാം വര്‍ഷത്തിലേക്ക് കടന്നപ്പോഴാണ് 1993ല്‍ അനികുമാറിന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചത്. പഞ്ചായത്ത് വകുപ്പില്‍ ക്ലാര്‍ക്കായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് വ്യവസായ വകുപ്പില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചു. രണ്ടിടത്തും ആറു വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തിനുശേഷമാണ് 1998 ഡിസംബർ ഒന്നിന് എക്സൈല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്. തൃശൂര്‍ പഴയന്നൂര്‍ എക്സൈസ് റേഞ്ച് ഓഫീസിലായിരുന്നു ആദ്യ നിയമനം.
2001-ല്‍ തിരുവനന്തപുരം ഓഫീസിലേക്ക് മാറ്റം ലഭിച്ചു. അതിനിടയില്‍ രണ്ടര മാസം തിരൂരില്‍ ജോലി ചെയ്തതൊഴിച്ചാല്‍ പിന്നീട് ഇതുവരെ അനികുമാര്‍ തിരുവനന്തപുരത്ത് മാത്രമാണ് ജോലി ചെയ്തിട്ടുള്ളത്.
നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡില്‍ സിഐ ആയിരിക്കുമ്പോഴാണ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായി പ്രമോഷന് ലഭിച്ചത്. 2012ല്‍ എക്സൈസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സൗത്ത്, നോര്‍ത്ത്, സെന്‍ട്രല്‍ സ്പെഷല്‍ സ്ക്വാഡുകള്‍ രൂപീകരിച്ചപ്പോള്‍ സൗത്ത് സോണ്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ചുമതലയും മൂന്നു സോണുകളുടെ മേല്‍നോട്ടവും ഇദ്ദേഹത്തിനായിരുന്നു.
കെഎസ്ബിസിയിൽ ഒന്നേമുക്കാല്‍ വര്‍ഷം ജോലി ചെയ്തതിനു ശേഷമാണ് അന്നത്തെ എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗ് തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി അനികുമാറിനെ നിയമിച്ചത്. 2019-ല്‍ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്നു ടി.പി. രാമകൃഷ്ണന്റെ പ്രത്യേക താല്പര്യ പ്രകാരം നിലവിലുള്ള മൂന്ന് കമ്മീഷണര്‍ സ്ക്വാഡിനു പുറമേ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സമെന്റ് സ്ക്വാഡ് രൂപീകരിച്ചപ്പോള്‍ തലവനായി നിയമിച്ചതും അനികുമാറിനെയായിരുന്നു. ഈ സമയത്താണ് കേരളത്തില്‍ ഏറ്റവുമധികം സ്പിരിറ്റ് വേട്ട നടന്നത്.
400 ഗുഡ് സര്‍വീസ് എന്‍ട്രികള്‍, മുഖ്യമന്ത്രിയുടെ നാല് എക്സൈസ് മെഡലുകള്‍
ചെയ്യുന്ന ജോലിയില്‍ നൂറു ശതമാനം നീതി പുലര്‍ത്തുന്ന അനികുമാറിനെ തേടിയെത്തിയത് നിരവധി ബഹുമതികളാണ്. ഇക്കാലയളവില്‍ 400 ഓളം ഗുഡ്സര്‍വീസ് എന്‍ട്രികള്‍, 2010, 2015, 2020, 2022 വര്‍ഷങ്ങളില്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകള്‍, 2021, 2023 വര്‍ഷങ്ങളില്‍ പ്രവര്‍ത്തന മികവിനുള്ള ഡിക്ടറ്റീവ് എക്സലന്‍സ് മെഡലുകള്‍, 2019ല്‍ എക്സൈസില്‍ ആദ്യമായും അവസാനമായും മികച്ച എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കുള്ള മുഖ്യമന്ത്രിയുടെ മെഡല്‍, സര്‍ട്ടിഫിക്കറ്റ്, കാഷ് അവാര്‍ഡ് എന്നിവ അനികുമാറിന് ലഭിച്ചു. ഇത്രയധികം ബഹുമതികള്‍ ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥന് ഈ വിഭാഗത്തിലില്ല എന്നതാണ് അനികുമാറിനെ വ്യത്യസ്തനാക്കുന്നത്.
200 ഓളം കോമേഴ്സ്യല്‍ എന്‍ഡിപിഎസ് കേസുകളും 200 ഓളം സ്പിരിറ്റ് കേസുകളും അനികുമാര്‍ പിടികൂടി. 200 സ്പിരിറ്റ് കേസുകളിലായി ഒരു ലക്ഷം ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ ഉദ്യോഗസ്ഥന് എന്ന പദവിയും അനികുമാറിന് സ്വന്തമാണ്. പിടിയിലാകുന്ന കുറ്റവാളികളെ കേസില്‍ നിന്ന് ഒഴിവാക്കാനായി പലവിധ സമ്മര്‍ദങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തു. കഴിഞ്ഞ ആറു വർഷത്തിനിടയിൽ രണ്ട് കോടി രൂപ തൊണ്ടിയിനത്തിൽ പ്രതികളിൽനിന്ന് ഈടാക്കി സർക്കാരിലേക്ക് അടച്ചു.
തുമ്പുണ്ടാക്കിയത് പ്രമാദമായ കേസുകള്‍ക്ക്
പ്രമാദമായ പല കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ അനികുമാറിന് സാധിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിലെ ചില ഉദ്യോഗസ്ഥരും സ്പിരിറ്റ് കൊണ്ടുവരാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നവരും തമ്മില്‍ നടത്തിയ വന്‍ അഴിമതി പുറത്തുകൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. ഇവിടെനിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്പിരിറ്റ് മോഷ്ടിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മഹാരാഷ്ട്ര ബോര്ഡറില് അബ്ബാ എന്ന സ്പിരിറ്റ് രാജാവിന് മറിച്ചു നല്കുകയുണ്ടായി.
സര്‍ക്കാര്‍ പെര്‍മിറ്റ് ഉപയോഗിച്ച് സ്പിരിറ്റ് കൈമാറിയശേഷം എത്തിയ ലോറികളില്‍ രണ്ടെണ്ണം അനികുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. ലോറിയില്‍നിന്ന് 22,000 ലിറ്റര്‍ സ്പിരിറ്റും വിൽപ്പനയില്‍ ലഭിച്ച 10,28,000 രൂപയും കണ്ടെത്തി പുളിങ്കീഴ് പോലീസിനു കൈമാറുകയുണ്ടായി. നിലവില്‍ പത്തനംതിട്ട വിജിലിന്‍സാണ് ഈ കേസ് അന്വേഷിക്കുന്നത്.
മൂര്‍ഖന്‍ ഷാജിയെ കുടുക്കി
മൂര്‍ഖന്‍ ഷാജി എന്ന അടിമാലി പാറത്തോടത്ത് വീട്ടില്‍ ഷാജിമോന്‍ വിതരണത്തിനായി എത്തിച്ച കോടികള്‍ വിലവരുന്ന പത്തര കിലോ ഹാഷിഷ് ഓയിലും അഡ്വാന്‍സ് തുകയായി കിട്ടിയ 13.5 ലക്ഷം രൂപയുമായി ഇയാളെ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയെങ്കിലും കോടതിയെ തെറ്റിധരിപ്പിച്ച് ഇയാള്‍ ജാമ്യം നേടി.
എക്സൈസ് സംഘം ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ അടിമാലിയിലുള്ള ഇയാളുടെ ആറ് വസ്തുവകകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. പ്രതി ഇപ്പോഴും ഒളിവിലാണ്.
പൊതുജനങ്ങളുടെയും സേനയിലെയും പ്രിയങ്കരന്‍
പൊതുജനങ്ങളുടെയും സേനാംഗങ്ങളുടെയും പ്രിയങ്കരനാണ് അനികുമാര്‍. വിമുക്തി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിക്കേസുകളില്പ്പെട്ടതും ലഹരിക്കടിമകളുമായ 200 ഓളം കുട്ടികളെ കണ്ടെത്തി ആശുപത്രികളിലെത്തിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഇദ്ദേഹത്തിന് സാധിച്ചു.
എക്സൈസ് വകുപ്പിന്റെ പ്രോജക്ടായ ‘ഉണര്‍വ്’ 2018ല്‍ തിരുവനന്തപുരത്തെ നാലു സര്‍ക്കാര്‍ സ്കൂളുകളില്‍ ആരംഭിച്ചത് അനികുമാറും ഇന്്സ്പെക്ടറായ കൃഷ്ണകുമാറും ചേര്‍ന്നായിരുന്നു. മയക്കുമരുന്നിന്റെ പിടിയില്‍പ്പെടാതെ കുട്ടികളെ കലാ-കായിക ലഹരിയിലേക്ക് കൊണ്ടുവരുന്ന ഈ പദ്ധതി പിന്നീട് സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കി.
ലഹരിമാഫിയയുടെ പിടിയില്‍പ്പെട്ട തിരുവനന്തപുരം ചെങ്കല്‍ചൂള കോളനിയിലെ ആയിരത്തോളം വീട്ടമ്മമാരുടെ കൂട്ടായ്മ രൂപീകരിച്ച് വിംഗ്സ് ഓഫ് വിമൺ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് ലൈബ്രറി സ്ഥാപിച്ചതും അനികുമാര്‍ ആയിരുന്നു. പോലീസ് എക്സൈസും തിരിഞ്ഞു നോക്കാതിരുന്ന ചെങ്കല്‍ചൂള കോളനിയില്‍ ലഹരിവിമുക്ത ക്ലാസുകള്‍ സംഘടിപ്പിച്ച് അവര്‍ക്കൊപ്പം നിന്ന് ലഹരിവിമുക്ത കോളനിയാക്കി മാറ്റി. കുട്ടികള്‍ക്ക് പഠനോപകരങ്ങള്‍ നല്‍കിയും കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചും അവരുടെ കൂടെ നില്ക്കുന്ന ഒരാളായിരുന്നു അനികുമാര്‍.
കൂടെയുണ്ട് കുടുംബം
കഴക്കൂട്ടം ചന്തവിള ആരാമം വീട്ടില്‍ തങ്കപ്പന്‍പിള്ള-സരോജിനി ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ഭാര്യ ആശ. മീരയും ഹീരയുമാണ് മക്കള്‍. മരുമകന്: ജഗന്.
സീമാ മോഹൻലാൽ