തിരുവിഴാംകുന്നിലെ മാള്‍ട്ട പനി: ആശങ്കകള്‍ ഇനിയും ബാക്കി

cow maionമണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് ഫാമിലെ കന്നുകാലികളില്‍ കണ്ടെത്തിയ മാള്‍ട്ട പനിയെക്കുറിച്ചുള്ള ആശങ്കകള്‍ ഇനിയും ഒഴിയുന്നില്ല. ഫാമിലെ 92 കന്നുകാലികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. രോഗബാധ കണ്ടെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. അതുവരെ എല്ലാ കന്നുകാലികളെയും ഒന്നിച്ചാണ് താമസിപ്പിച്ചിരുന്നത്. കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയ കന്നുകാലികളെയാണ് പിന്നീട് മാറ്റി താമസിപ്പിച്ചത്. ഈ സാഹചര്യത്തില്‍ മറ്റു കന്നുകാലികള്‍ക്കും ചെറിയതോതില്‍ രോഗസാധ്യതയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ജനങ്ങളുടെ ഭീതി.

പിന്നീട് ഇവിടെ പരിശോധനകളും നടന്നില്ല. ഈ സാഹചര്യത്തില്‍ ഇനിയും പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്. നാട്ടുകാര്‍ കന്നുകാലികളുടെ മൃതശരീരം കത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വലിയ ട്രഞ്ചില്‍ കുമ്മായവും ചേര്‍ത്ത് ചത്ത കന്നുകാലികളുടെ ശരീരം സംസ്കരിക്കുകയാിരുന്നു.ഫാമില്‍നിന്നും ദൂരെയുള്ള സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്. എന്നാല്‍ ഇതു പര്യാപ്തമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഫാമിലെ ജീവനക്കാര്‍ക്കും അസുഖം പടരാന്‍ സാധ്യത ഏറെയാണ്.

പശുക്കളെ മാറ്റിപാര്‍പ്പിച്ചിരുന്ന സ്ഥലം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വീണ്ടും മരുന്നുകള്‍ ഉപയോഗിച്ച് ശുചീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. പതിനാറു കന്നുകുട്ടികള്‍ക്ക് രോഗബാധയുണ്ടായതിനാല്‍ മറ്റു കന്നുകുട്ടികള്‍ക്കും രോഗം പടര്‍ന്നിട്ടുണ്ടോ എന്ന ഭീതിയും നിലനില്ക്കുന്നു. മുന്നൂറോളം കന്നുകാലികളാണ്ഫാമിലുള്ളത്. ഇതില്‍നിന്നും 92 എണ്ണം കുറഞ്ഞതോടെ നൂറുലിറ്ററോളം പാലിന്റെ കുറവാണ് ഓരോദിവസവും ഫാമിലുണ്ടാകുന്നത്.

നിലവില്‍ എല്ലാവര്‍ക്കും കുറഞ്ഞതോതില്‍ മാത്രമേ പാല്‍ നല്കാനാകൂന്നുള്ളൂ. എരുമ, പശു, കന്നുകുട്ടികള്‍ എന്നിവയെല്ലാം ദയാവധത്തില്‍ ഉള്‍പ്പെട്ടിരുന്നു. എത്രയുംവേഗം ഫാമിലെ പശുക്കളെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഫാം മേധാവി ഡോ. ഷിബു കൈമള്‍ പറഞ്ഞു.

Related posts