അമ്പലത്തില്‍ പോകാന്‍ കൂട്ടുകാര്‍ എത്തിയപ്പോള്‍…! സഹോദരങ്ങള്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന്റെ അരികില്‍ വിഷക്കുപ്പിയും ആത്മഹത്യകുറിപ്പും

Deathകൂത്താട്ടുകുളം: സഹോദരങ്ങളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെളിയന്നൂര്‍ കാഞ്ഞിരമലയില്‍ പ്രകാശന്റെ മക്കളായ അപര്‍ണ (18) അനന്ദു (16) എന്നിവരെയാണു വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അപര്‍ണയുടെയും അനന്ദുവിന്റെയും അയല്‍വസികളായ കുട്ടികള്‍ രാവിലെ അമ്പലത്തില്‍ പോകുന്നതിനായി വിളിക്കാന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഇരുവരെയും വിളിച്ചിട്ട് ഉണരാത്തതുമൂലം ഉറക്കത്തില്‍നിന്ന് ഉണര്‍ത്താന്‍ മുറിയുടെ ജനല്‍വഴി ഉള്ളിലേക്ക് വെള്ളം ഒഴിച്ചെങ്കിലും ഉണര്‍ന്നില്ല.

തുടര്‍ന്നു സംശയം തോന്നിയ ഗ്രഹനാഥന്‍ വാതില്‍ പൊളിച്ച് ഉള്ളില്‍കയറുകയായിരുന്നു. അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തിന്റെ അരികില്‍ നിന്നു വിഷക്കുപ്പി ലഭിച്ചു. തുടര്‍ന്ന് രാമപുരം സി.ഐ. എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കൂത്താട്ടുകുളത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയി.

വിഷം ഉള്ളില്‍ ചെന്നതാണ് ഇരുവരുടെയും മരണകാരണം എന്ന് പോലീസ് സര്‍ജന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ക്കരുകില്‍ നിന്നും കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുമാണു മരണകാരണമെന്നു സൂചിപ്പിക്കുന്ന ആത്മഹത്യകുറിപ്പു കണ്ടെടുത്തു. അപര്‍ണ തൊടുപുഴ അല്‍ അസര്‍ കോളജിലെ ഒന്നാവര്‍ഷ ബിരുദ്ധ വിദ്യാര്‍ഥിനിയാണ്,  അനന്ദു കൂത്താട്ടുകുളം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. പിതാവ് പ്രകാശന്‍ കട്ടില്‍ നിര്‍മ്മാണ തൊഴിലാളിയാണ്. മാതാവ്: ശാന്ത. ഇരുവരുടെയും സംസ്കാരം നടത്തി.

Related posts