ഒറ്റപ്പാലം: ഭാരതപ്പുഴയുടെ ശോച്യാവസ്ഥയ്ക്ക് ശാശ്വതപരിഹാരമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പ് പുത്തന്പ്രതീക്ഷയേകുന്നു. പ്രകൃതിസ്നേഹികള്‍, പരിസ്ഥിതിപ്രേമികള്ക്കുമൊപ്പം നിളയെ സ്നേഹിക്കുന്നവര്‍ക്കെല്ലാം ഒരുപോലെ പ്രതീക്ഷ പകരുന്നതാണ് മുഖ്യമന്ത്രിയുടെ തീരുമാനം. നശിച്ചുകൊണ്ടിരിക്കുന്ന ഭാരതപുഴയ്ക്ക് പുനര്‍ജനി ലഭിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കിടയിലും സജീവ ചര്‍ച്ചയാണ്. മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടുന്നപക്ഷം ഭാരതപുഴയ്ക്ക് ഇനിയും ഒരു സുവര്‍ണകാലം പ്രതീക്ഷിക്കാം.
മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പേജിലാണ് ഭാരതപുഴ സംരക്ഷണ തീരുമാനം പ്രഖ്യാപിച്ചത്. നിലവിലുള്ള പുഴയുടെ സ്ഥിതിയില്‍ മുഖ്യമന്ത്രി ആശങ്ക പങ്കുവയ്ക്കുന്നുമുണ്ട്. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസേഴ്സ് കേരള എന്ന പേജിലാണ് ഭാരതപുഴ സംരക്ഷണ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. നിയമസഭയിലും നിളാനദിയുടെ ദുരവസ്ഥ ചര്‍ച്ചയായിരുന്നു. പുഴ സംരക്ഷണത്തില്‍ വിദഗ്ധസമിതികളുടെ ശിപാര്‍ശയില്‍ നടപടി കൈക്കൊള്ളുമെന്ന് അന്നു മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ പുഴയായ ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണെന്നും ഭാരതപുഴയുടെ ശോച്യാവസ്ഥയ്ക്ക് ശാശ്വതപരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്.
പുഴയുടെ ഇരുകരകളിലും സ്ഥിതിചെയ്യുന്ന ഗ്രാമ, നഗരപ്രദേശങ്ങളിലുള്ള മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയില്‍നിന്നും അശാസ്ത്രീയമായ രീതിയില്‍ പുറന്തള്ളുന്ന ജൈവമാലിന്യം പുഴ മലിനീകരണത്തിനു കാരണമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞവര്‍ഷങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പുഴയില്‍ കോളിഫോം ബാക്ടിരീയകളുടെ സാന്നിധ്യം അപകടകരമായ തോതില്‍ കണ്ടിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരം ഭാരതപുഴയുടെ മലിനീകരണം സംബന്ധിച്ചു വിശദമായ പണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി അഞ്ചംഗ വിദഗ്ധസമിതി രൂപീകരിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പഠിച്ച് ഭാരതപുഴയിലെ മലിനീകരണം തടയുന്നതിനും നദിയുടെ പുനരുജ്ജീവനത്തിനും ഉതകുന്ന നടപടി ശിപാര്‍ശ ചെയ്യുക എന്നതാണ് ഈ സമിതിയുടെ ചുമതല.
സമിതിയുടെ ശിപാര്ശയിന്മേല് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡായിരിക്കും തുടര്‍നടപടി കൈക്കൊള്ളുകയെന്നും പോസ്റ്റില്‍ പറയുന്നു. ഭാരതപുഴയുടെ തീരങ്ങള്‍ സംരക്ഷിക്കുന്നതിനും നദീജലം ഫലപ്രദമായി വിനിയോഗിക്കുന്നതിനുമായി വിവിധപദ്ധതികള്‍ ജലസേചനവകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നുണ്ട്. ഇതിനായി വിവിധയിടങ്ങളിലായി ചെക്ക്ഡാമുകളും റെഗുലേറ്ററുകളും നിര്മിച്ചുവരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.