ചങ്ങനാശേരി: തൃക്കൊടിത്താനം സ്വദേശി മനു മാത്യു കുത്തേറ്റു മരിച്ച സംഭവത്തിന്റെ ആസൂത്രണം പോലീസ് നിരീക്ഷിക്കുന്നു. ബസ്സ്റ്റാന്‍ഡിനു സമീപത്തുള്ള കോണ്‍ഗ്രസ് ഹൗസിനു മുന്നില്‍ കാര്‍ പാര്‍ക്ക്ചെയ്ത ശേഷം സിനിമാ തിയറ്ററിലേക്ക് മനു പോയതറിഞ്ഞ് സ്ഥലത്തെത്തിയ നിധിന് മനുവിന്റെ കാറിനു പിന്നില്‍ ബോധപൂര്‍വം തന്റെ കാര്‍ പാര്ക്കുചെയ്യുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. സംഭവത്തിനു മുമ്പ് നിധിന് ഫാത്തിമാപുരം സ്വദേശിയും കേസിലെ പ്രതിയുമായ സിജോയെ ഫോണില്‍ ബന്ധപ്പെട്ട് സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുത്തേറ്റ മനുവിനെ ആശുപത്രിയിലേക്ക് തന്റെ കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ നിധിന് ഷെമീറിനെ ഫോണില്‍ വിളിച്ചതായി ഫോണ്‍കോള്‍ രജിസ്റ്ററില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമസംഭവം അരങ്ങേറിയ സ്ഥലത്തുള്ള ഹോട്ടലിലെയും ബേക്കറിയിലെയും സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. കുത്തേറ്റ മനുവിനെ പ്രവേശിപ്പിച്ച ആശുപത്രികളിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിനു തൊട്ടുമുന്‍പ് സിജോയും നിധിനും തമ്മില്‍ അഞ്ചുമിനിറ്റോളം നിധിന്റെ സ്കോര്‍പിയോ കാറിലിരുന്ന് സംസാരിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ബൈക്കില്‍ ഇരിക്കുമ്പോഴാണ് മനു എത്തി നിധിനോട് വണ്ടി മാറ്റിക്കൊടുക്കാന്‍ ആവശ്യപ്പെട്ടത്.
വണ്ടി മാറ്റാതെവന്നപ്പോള് തര്‍ക്കമുണ്ടാകുകയും സിജോ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് മനുവിനെ കുത്തുകയുമായിരുന്നുവെന്നു പോലീസ് പറയുന്നു. സംഭവത്തിന്റെ ഏതാനും ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ്സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ നിധിന് തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് പോലീസിനോടു പറഞ്ഞത്. തുടര്‍ന്ന് പോലീസ് നിധിന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിനു കൈമാറുകയും അതില്‍ നിധിന് ബന്ധപ്പെട്ടവരുടെ ഫോണ്‍നമ്പരുകള്‍ പോലീസിന് ലഭിക്കുകയുമായിരുന്നു. അതോടെ കൊലപാതകത്തില്‍ നിധിന്റെ ആസൂത്രണങ്ങള്‍ പോലീസിന് വ്യക്തമാവുകയായിരുന്നു.
കുത്തേറ്റു മരിച്ച മനുവിന്റെ സംസ്കാരം ഇന്നു രാവിലെ 11-ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് പള്ളിയില്‍ നടന്നു. മനുവിന്റെ നിര്യാണത്തില്‍ തൃക്കൊടിത്താനത്ത് ഇന്ന് ഉച്ചവരെ ഹര്‍ത്താലാചരിക്കുകയാണ്. തൃക്കൊടിത്താനം പ്രദേശത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
ചങ്ങനാശേരി കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
ചങ്ങനാശേരി: പെരുന്ന ബസ്സ്റ്റാന്‍ഡില്‍ തൃക്കൊടിത്താനം മുരിങ്ങവന മനു മാത്യു (32) കുത്തേറ്റു മരിച്ച കേസില്‍ റിമാന്‍ഡിലായ പ്രതികളെ ചങ്ങനാശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇന്ന് കോടതി അവധിയായതിനാല്‍ നാളെ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. വെള്ളിയാഴ്ച പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നു പോലീസ് കരുതുന്നു.
കസ്റ്റഡിയില്‍ ലഭിക്കുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും. കൊലപാതകം നടന്ന സ്ഥലത്തും പ്രതികളുടെ വീടുകളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. കൃത്യത്തിനായി സിജോ ഉപയോഗിച്ച പ്രത്യേകതരത്തിലുള്ള കത്തി എിടെനിന്നു വാങ്ങി എന്നും അന്വേഷിക്കും.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30-നാണ് പെരുന്ന ബസ്സ്റ്റാന്‍ഡില്‍ മനു കുത്തേറ്റു മരിച്ചത്. ഫാത്തിമാപുരം വെട്ടുകുഴിയില്‍ സിജോ (22), തൃക്കൊടിത്താനം പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം ആലുംമൂട്ടില്‍ നിധിന് (33), നാലുകോടി കൊല്ലാപുരം കടുത്താനം കെ.എന്‍.അര്ജുന് (220, തൃക്കൊടിത്താനം ചെറുവേലിപറമ്പില്‍ സൂരജ് സോമന് (26), കുരിശുംമൂട് പമ്പ്ഹൗസ് റോഡില്‍ അറയ്ക്കല്‍ ബിനു (24), കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ സ്വദേശിയും ഇപ്പോള്‍ ഫാത്തിമാപുരത്ത് താമസക്കാരനുമായ വാഴയില്‍ ഷെമീര്‍ (27) എന്നിവരാണ് റിമാന്‍ഡിലായിരിക്കുന്നത്.
കൊലപാതകത്തിനു ശേഷം ബിനു, സിജോ, സൂരജ്, അര്ജുന് എന്നിവരെ ഷെമീര്‍ ഒളിപ്പിച്ചു താമസിപ്പിച്ച കോട്ടയം തിരുനക്കരയിലുള്ള വീടും ഇവര്‍ക്ക് 5000 രൂപ കടം നല്കിയ സ്ത്രീയുടെ അടുത്തും പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.