ന്യൂഡല്‍ഹി: ഇന്ത്യന്‍ ഏകദിന–ട്വന്റി 20 ക്രിക്കറ്റ് ടീം നായകന് മഹേന്ദ്രസിംഗ് ധോണിയുടെ ഭാര്യ സാക്ഷിക്കെതിരേ തട്ടിപ്പുകേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സാക്ഷി ധോണി, അരുണ്‍ പാണ്ഡേ, ശുഭാവതി പാണ്ഡേ, പ്രതിമ പാണ്ഡേ എന്നിവര്‍ ഡയറക്ടര്‍മാരായ റിഥി എംഎസ്ഡി ആല്‍മണ്ട് എന്ന കമ്പനിയില്‍ ഓഹരിയുള്ള വ്യക്തിക്ക് പണം നല്‍കിയില്ല എന്ന പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കമ്പനിയില്‍ 39 ശതമാനം ഓഹരിയുള്ള ഡെന്നിസ് അറോറ എന്നയാള്‍ക്ക് 11 കോടി രൂപ മാര്‍ച്ച് 31നു മുമ്പ് നല്കേണ്ടിയിരുന്നു. എന്നാല്‍ ഇതേവരെ 2.25 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നാണ് ഡെന്നിസ് അറോറ ആരോപിച്ചിരിക്കുന്നത്. പണം നല്കുന്നതില് വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ഡയറക്ടര്‍മാര്‍ക്കെതിരേ കോടതിയെ സമീപിക്കുകയായിരുന്നു. ഗുരുഗ്രാം പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഷെയറുകള്‍ തിരികെ നല്കിയപ്പോള് ഡെന്നീസിന് പണം തിരികെ നല്കിയെന്നു കമ്പനി ഡയറക്ടര്‍മാരില്‍ ഒരാളായ അരുണ്‍ പാണ്ഡേ പറഞ്ഞു. മാത്രമല്ല സാക്ഷി ഒരു വര്‍ഷം മുമ്പ് കമ്പനിയില്‍ നിന്നു മാറിയെന്നും അതിനാല്‍ അവര്‍ക്കെതിരേ കേസെടുക്കാന്‍ കഴിയില്ലെന്നും ഡെന്നീസ് വ്യക്തമാക്കി. പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തെ കുറിച്ച് സാക്ഷിയുടെ ഭാഗത്തുനിന്ന് ഇതേവരെ പ്രതികരണമുണ്ടായിട്ടില്ല.