മുക്കം: സംസ്ഥാനത്ത് ഹര്‍ത്താലിന് ആര് ആഹ്വാനം ചെയ്താലും അത് ഏറ്റവുമധികം ബാധിക്കുന്നത് വ്യാപാരികളെയാണ്. ഗ്രാമപ്രദേശങ്ങളില്‍ അന്നന്നത്തെ ഉപജീവനത്തിനായി കച്ചവടം നടത്തുന്ന ചെറുകിട വ്യാപാരികള്‍ക്ക് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ വലിയ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ ഇനി മുതല്‍ ഹര്‍ത്താലിനും ബന്ദിനും കടകള്‍ അടക്കില്ലെന്ന ്മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂര്‍ പുല്‍പറമ്പ് ഗ്രാമത്തിലെ കച്ചവടക്കാരും നാട്ടുകാരും ഒന്നിച്ചൊരു തീരുമാനമെടുത്തിരിക്കുകയാണ്. ഈ തീരുമാനത്തിന് വലിയ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്നലെ ഹര്‍ത്താല്‍ ദിനം വലിയ തിരക്കാണ് പുല്പറമ്പിലെ കടകളില്‍ അനുഭവപ്പെട്ടത്. സമീപപ്രദേശങ്ങളില്‍നിന്ന് ഹോട്ടലുകളിലേക്കും മറ്റുമായി നിരവധി പേരെത്തി. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പാറമ്മല്‍ ഗ്രാമവും ഹര്‍ത്താലിന് കടകള്‍ അടക്കാറില്ല. പത്തുവര്‍ഷമായി തുടരുന്ന ഈ രീതി ഇപ്പോള്‍ പുല്പറമ്പുകാരും ഏറ്റെടുത്തിരിക്കുകയാണ്.