ആ ദിവസം തന്നെ…! ഭര്‍ത്താവിന് വിദേശത്തേക്ക് മടങ്ങേണ്ട ദിവസം ഭാര്യ കാറിനുള്ളില്‍ പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നത് കണ്ടശേഷം ഭര്‍ത്താവ് മടങ്ങി

babyമങ്കൊമ്പ്: പ്രസവചികില്‍സയ്ക്കായി ആശുപത്രിയിലേക്കു പോകുന്നതിനിടെ യുവതിക്ക് കാറിനുള്ളില്‍ സുഖപ്രസവം. വടക്കന്‍ വെളിയനാട് അറയ്ക്കല്‍വീട്ടില്‍ സുബിന്റെ ഭാര്യ ദീപയാണ് ഇന്നലെ രാവിലെ ഒമ്പതോടെ കാറിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിദേശത്ത് ജോലിചെയ്യുന്ന സുബിന്‍ അവധിക്കു നാട്ടിലെത്തിയശേഷം ഇന്നലെ ഉച്ചയോടെ തിരികെ പോകാനിരിക്കുകയായിരുന്നു. യാത്രയ്ക്കുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ  ദീപയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

അടുത്തമാസം 10നായിരുന്നു ദീപയ്ക്കു ഡോക്ടര്‍മാര്‍ പ്രസവത്തീയതി അറിയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യമൊന്നും അസ്വസ്ഥത കാര്യമാക്കിയില്ല. എന്നാല്‍ പിന്നീട് വേദന ശക്തമായതിനെത്തുടര്‍ന്ന്  വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനായി  ആദ്യം 108 ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സെത്താന്‍ വൈകുമെന്നതിനാല്‍ ബന്ധുവിന്റെ കാറിലാണ് ദീപയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വീട്ടില്‍നിന്നും പുറപ്പെട്ട് അധിക സമയമാകുംമുമ്പു കാറിനുള്ളില്‍വച്ചുതന്നെ ദീപ പെണ്‍കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് വെളിയനാട് സാമൂഹ്യാരോഗ്യകേന്ദ്രത്തിലെത്തിച്ചശേഷം അമ്മയേയും കുഞ്ഞിനെയും 108 ആംബുലന്‍സില്‍ ചങ്ങനാശേരി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നതു കണ്ടശേഷമാണ് സുബിന്‍ വിദേശത്തേയ്ക്ക് വിമാനം കയറിയത്.

Related posts