ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും ഇനി ഒഡിഎഫ്

ktm-toiletകൊച്ചി: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളേയും തുറസായ സ്ഥലങ്ങള്‍ മലവിസര്‍ജ്ജന രഹിതമായി(ഒഡിഎഫ്) കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള പ്രഖ്യപിച്ചു. സംസ്ഥാനമൊട്ടാകെ കേരളപ്പിറവിക്കു മുമ്പ് ഒഡിഎഫ് നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കിയത്. ഇതോടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി പാലക്കാട് ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളും ഒഡിഎഫായി മാറി. ജില്ലയിലെ മുന്‍സിപ്പാലിറ്റികളും കോര്‍പ്പറേഷനും ഒഡിഎഫ് ആകുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ 82 പഞ്ചായത്തുകളിലായി 7808 ഗാര്‍ഹിക ശുചിമുറികളാണ് നിര്‍മ്മിക്കേണ്ടിയിരുന്നത്. കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളും സംയുക്തമായി യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. ജില്ലയിലെ 69 പഞ്ചായത്തുകള്‍ നേരത്തെ ഒഡിഎഫ് നേട്ടം കൈവരിച്ചിരുന്നു. പണി പൂര്‍ത്തികരിക്കേണ്ടിയിരുന്ന കൂവപ്പടി ബ്ലോക്കിലെ വേങ്ങൂര്‍, കോതമംഗലം ബ്ലോക്കിലെ പിണ്ടിമന, കുട്ടമ്പുഴ, മുളന്തുരുത്തി ബ്ലോക്കിലെ ഉദയംപേരൂര്‍, ചോറ്റാനിക്കര,  പാറക്കടവ് ബ്ലോക്കിലെ പാറക്കടവ്, പള്ളുരുത്തി ബ്ലോക്കിലെ ചെല്ലാനം, കുമ്പളം, പറവൂര്‍ ബ്ലോക്കിലെ ഏഴിക്കര, കോട്ടുവള്ളി, വൈപ്പിന്‍ ബ്ലോക്കിലെ എടവനക്കാട്, കുഴുപ്പിള്ളി, നായരമ്പലം എന്നീ പഞ്ചായത്തുകളും ശുചിമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെയാണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഒഡിഎഫ് പരിധിയില്‍ വന്നത്.

ഒരു ശുചിമുറിക്ക് 15400 രൂപയാണ് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നല്‍കിയത്. പുതിയ ശൗചാലയങ്ങള്‍ക്കു മാത്രമാണ് ധനസഹായം. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ദുര്‍ഘട മേഖലകളില്‍ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ റോട്ടറി ക്ലബ്ബ് 100 ശുചിമുറികള്‍ സര്‍ക്കാര്‍ വിഹിതമായ 15400 രൂപയ്ക്ക് പുറമെ അധികമായി വരുന്ന തുക വഹിച്ച് നിര്‍മ്മിച്ചു നല്‍കി.

ജയ്ഭാരത് എന്‍ജിനിയറിംഗ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിലെ വിദ്യാര്‍ഥികളും ഗാന്ധി ജയന്തി ദിനത്തില്‍ ചെല്ലാനം പഞ്ചായത്തിലെ വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ രേണു രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ശുചിത്വമിഷണ്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts