കോന്നി: മെഡിക്കല്‍ കോളജ് കാമ്പസില്‍ നിന്നു പൊട്ടിച്ചുനീക്കിയ പാറക്കല്ലുകള്‍ ചവറയിലെ കെഎംഎല്‍ ഏറ്റെടുക്കും. കെഎംഎംഎല്ലിനോടു ചേര്‍ന്ന കടല്‍ഭിത്തി നിര്‍മാണത്തിനാണ് കല്ല് വിനിയോഗിക്കുന്നത്. 1,60,000 ക്യുബിക് മീറ്റര്‍ പാറയാണ് കാമ്പസിനുള്ളില്‍ കെട്ടിടം നിര്‍മിക്കാനായി പൊട്ടിച്ചു നീക്കിയിരിക്കുന്നത്. ഇത് നിലവില്‍ കാമ്പസില്‍ തന്നെ കിടക്കുകയാണ്. കരിങ്കല്ല് ലേലം ചെയ്തു വില്‍ക്കാന്‍ നേരത്തെ ആലോചിച്ചിരുന്നെങ്കിലും ഉയര്‍ന്ന വില കാരണം കരാറുകാര്‍ എത്തിയില്ല.
ഇതിനിടെയാണ് കടല്‍ഭിത്തി നിര്‍മാണത്തിനുവേണ്ടി കല്ല് ഏറ്റെടുക്കാന്‍ കെഎംഎംഎല്‍ തയാറായത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തി മിതമായ നിരക്കില്‍ കല്ല് ഏറ്റെടുക്കാനാണ് തീരുമാനം. സര്‍ക്കാരില്‍ നിന്ന് ഇതിനുള്ള അനുമതി ലഭിച്ചാലുടന്‍ കല്ല് ചവറയിലേക്കു കൊണ്ടുപോയിത്തുടങ്ങും. നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് കാമ്പസിലെ അത്യാഹിത വിഭാഗത്തിന്റെ മുന്‍ഭാഗം മുതല്‍ കല്ല് ശേഖരിച്ചുവച്ചിരിക്കുകയാണ്. കാമ്പസിലെ ജോലികള്‍ക്കുവേണ്ടി കല്ലുകള്‍ നീക്കം ചെയ്യേണ്ടതുണ്ട്.