കളമശേരി: എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മറ്റൊരു ഫോറന്‍സിക് വിദഗ്ധന്റെ അഭിപ്രായം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കണ്ണൂര്‍ സ്വദേശിനിയായ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്നീമാണ് കുത്തിവയ്പിനെത്തുടര്‍ന്ന് മരിച്ചത്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റ്മാര്‍ട്ടം, ലാബ് റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യുന്നതിനു രൂപീകരിച്ച അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിലാണ് ഫോറന്‍സിക് വിദഗ്ധ വിയോജനക്കുറിപ്പ് എഴുതിയത്.
കൂടാതെ ബോര്‍ഡിലെ അംഗങ്ങളെ തെരഞ്ഞെടുത്ത മാനദണ്ഡത്തിനെതിരേ ഷംനയുടെ പിതാവും പരാതി നല്‍കിയിട്ടുണ്ട്.ഡിഎംഒ ഡോ. കുട്ടപ്പന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് രണ്ടു തവണ സിറ്റിംഗ് നടത്തിയ ശേഷം സംഭവത്തില്‍ മെഡിക്കല്‍ അനാസ്ഥയില്ലെന്ന നിഗമനത്തിലാണ് എത്തിയത്. എന്നാല്‍ ഷംനയെ പോസ്റ്റുമാര്‍ട്ടം ചെയ്ത ആലപ്പുഴയിലെ ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ലിസാ ജോണ്‍ രണ്ടു പേജിലായി വിയോജനക്കുറിപ്പ് എഴുതി. ഇതാണ് മറ്റൊരു അഭിപ്രായം തേടാന്‍ പോലീസിനെ നിര്‍ബന്ധിതമാക്കിയത്. വിയോജനക്കുറിപ്പില്‍ ചികിത്സ റിപ്പോര്‍ട്ട് അപൂര്‍ണവും പൊരുത്തക്കേടുകള്‍ നിറഞ്ഞതുമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലിനു പകരം ഫോട്ടോ കോപ്പികളാണ് മെഡിക്കല്‍ ബോര്‍ഡിലെ സിറ്റിംഗ് സമയത്ത് പോലീസ് കൊണ്ടുവന്നത്. കൂടാതെ അതില്‍ വെട്ടിത്തിരുത്തലുകള്‍ ഉള്ളതായും കണെ്ടത്തി. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും വിവരണം തമ്മില്‍ പലയിടത്തും പൊരുത്തക്കേടുണ്ട്. ഹൃദയാഘാതത്തിലേക്ക് നയിച്ച മരുന്ന് കൊടുത്ത സമയവും ഐസിയുവിലേക്ക് മാറ്റിയ സംഭവങ്ങളും വ്യത്യസ്ത രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു പരിഗണിക്കാതെ നിഗമനത്തിലെത്തിയതാണ് ഫോറന്‍സിക് വിദഗ്ധയുടെ വിയോജനക്കുറിപ്പിനു കാരണമായത്.
മരുന്ന് കൊടുക്കാനുള്ള കാരണങ്ങളും ഹൃദയാഘാതം വന്നപ്പോള്‍ കൈകാര്യം ചെയ്ത രീതികളും മനസിലാക്കാന്‍ നിരവധി ദൃക്സാക്ഷികളെ ചോദ്യം ചെയ്യേണ്ടതുണെ്ടന്നും ഡോ. ലിസാ ജോണ്‍ അഭിപ്രായപ്പെട്ടു. ചികിത്സാ പിഴവുകളെ കുറിച്ചുള്ള ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം തുടരുകയാണെന്നും തെറ്റു ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ആരോഗ്യ സെക്രട്ടറി ഷംനയുടെ പിതാവിനു ഉറപ്പു നല്കി. ഇന്നലെ വൈകുന്നേരം വിദേശത്തു നിന്ന് അബൂട്ടി ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.