ഐഎസിന്റെ പതനം അടുത്തു…! 200 കിലോമീറ്റര്‍ ഭൂപ്രദേശം പിടിച്ചെടുത്തു; ഭീകരര്‍ നഗരവാസികളെ മനുഷ്യപ്പരിചകളാക്കുന്നു; മൊസൂള്‍ തിരിച്ചുപിടിക്കാന്‍ രണ്ടുമാസം വേണമെന്ന് കമാന്‍ഡര്‍

isമൊസൂള്‍: ഐഎസിനെ തുരത്തി മൊസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ രണ്ടുമാസം വേണ്ടിവരുമെന്ന് പെഷ്മാര്‍ഗ സൈനിക കമാന്‍ഡര്‍ സര്‍വാന്‍ ബര്‍സാനി. രണ്ടാഴ്ചയ്ക്കുള്ളില്‍ മൊസൂളില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. മൊസൂളിന്റെ അതിര്‍ത്തിയിലെത്തിക്കഴിഞ്ഞാല്‍ ഇറാക്കി സൈന്യവും പോലീസും യുദ്ധത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും അവര്‍ മാത്രമേ നഗരത്തില്‍ കടക്കുകയുള്ളുവെന്നും  കമാന്‍ഡര്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം സൈന്യത്തിനു നേരെ നടന്ന ചാവേറാക്രമണത്തിന്‍ ഒരു ഇറാക്കി സൈനികന്‍ കൊല്ലപ്പെട്ടു. ഐഎസിനെ തുരത്തി മൊസൂള്‍ നഗരം തിരിച്ചുപിടിക്കാന്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതിനകം 200 കിലോമീറ്റര്‍ ഭൂപ്രദേശം പിടിച്ചെടുത്തെന്നു ഇറാക്കിലെ കുര്‍ദിഷ് സ്വയംഭരണ മേഖലയുടെ പ്രസിഡന്റ് മസൂദ് ബര്‍സാനി വ്യക്തമാക്കി.

ഇറാക്ക് സൈന്യത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യുദ്ധത്തില്‍ കുര്‍ദിഷ് പെഷ്മാര്‍ഗ സൈനികര്‍, സുന്നി, ഷിയാപോരാളികള്‍ എന്നിവരും  പങ്കെടുക്കുന്നുണ്ട്. 12 മുതല്‍ 16 പേര്‍വരെയടങ്ങുന്ന ടീമുകളയാണ് സൈന്യം ആക്രമണം നടത്തുന്നത്. ഇറാക്കിന്റെയും യുഎസിന്റെയും യുദ്ധവിമാനങ്ങള്‍ ഐഎസ് മേഖലകളില്‍ വ്യോമാക്രമണം നടത്തി. നഗരപ്രാന്തത്തിലുള്ള ഗ്രാമങ്ങളാണ് ഇപ്പോള്‍ പിടിച്ചെടുത്തിട്ടുള്ളത്.  നാലുവശത്തുനിന്നും മൊസൂളിനെ വളഞ്ഞശേഷം നഗരത്തില്‍ കടക്കാനാണു പദ്ധതി. സുന്നി നഗരമായ മൊസൂളില്‍ ഷിയാഗ്രൂപ്പുകാരായ അര്‍ധസൈനികവിഭാഗത്തെ പ്രവേശിപ്പിക്കുന്നതിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുന്നറിയിപ്പു നല്‍കി.

ഇതിനിടെ മൊസൂളിലെ ഐഎസ് ഭീകരര്‍ നഗരവാസികളെ മനുഷ്യപ്പരിചകളായി ഉപയോഗിക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. 4000ത്തിനും 8000ത്തിനും ഇടയ്ക്ക് ഐഎസ് പോരാളികള്‍ മൊസൂളില്‍ തമ്പടിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇവരെ നേരിടാന്‍ മുപ്പതിനായിരം സൈനികരെയാണ് അയച്ചിട്ടുള്ളത്. ഏതാനും യുഎസ് സൈനികരും  പിന്തുണ നല്‍കാനെത്തിയിട്ടുണ്ട്. കൂടാതെ മറ്റു ചില വിദേശരാജ്യങ്ങളുടെ ഭടന്മാരും. യുദ്ധം മുറുകുന്നതോടെ മൊസൂളില്‍നിന്നു വന്‍തോതില്‍ അഭയാര്‍ഥി പ്രവാഹമുണ്ടാവുമെന്നാണു കരുതുന്നത്. യുഎന്‍ അഭയാര്‍ഥി ഏജന്‍സി ഇതിനകം 45000 പേര്‍ക്കായി അഞ്ചു ക്യാമ്പുകള്‍ സ്ഥാപിച്ചു.

വരുംദിവസങ്ങളില്‍ കൂടുതല്‍ ക്യാമ്പുകള്‍ സ്ഥാപിക്കും. പത്തുലക്ഷം പേര്‍ മൊസൂളില്‍നിന്നു പലായനം ചെയ്‌തേക്കാമെന്നാണു കണക്കുകൂട്ടല്‍. മൊസൂളില്‍നിന്നുള്ള ഐഎസ് ഭീകര്‍ക്ക് സിറിയയിലേക്കു കടക്കാന്‍ അവസരം ഒരുക്കാനാണു യുഎസ് പദ്ധതിയിടുന്നതെന്ന് സിറിയന്‍ ഭരണകൂടം ആരോപിച്ചു. ഇതിനെ ചെറുക്കുമെന്നും സിറിയ വ്യക്തമാക്കി.മൊസൂള്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20നു മന്ത്രിതല ഉച്ചകോടി നടത്തുമെന്നു ഫ്രാന്‍സ് അറിയിച്ചു.  മൊസൂള്‍ യുദ്ധം തീരാന്‍ സമയമെടുക്കും. ഐഎസ് ഭീകരര്‍ സിറിയയിലെ റാഖായിലേക്കു കടക്കാമെന്നതിനാല്‍ റാഖായും പിടിക്കേണ്ടിയിരിക്കുന്നുവെന്ന് ഫ്രഞ്ച് വിദേശമന്ത്രി ഷാന്‍ മാര്‍ക് അയ്‌റാള്‍ട്ട് പാരീസില്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

Related posts