ഊട്ടറ ലെവല്‍ക്രോസില്‍ ഗതാഗതക്കുരുക്കിനു ഒരു പരിഹാരവുമില്ലേ..?

tcr-railgateകൊല്ലങ്കോട്: ഊട്ടറ ലെവല്‍ക്രോസില്‍ വര്‍ധിക്കുന്ന ഗതാഗതക്കുരുക്കിനു പരിഹാരമായി മേല്പാലം നിര്‍മിക്കണമെന്ന യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യം റെയില്‍വേ അധികൃതര്‍ അവഗണിക്കുന്നതില്‍ വ്യാപക പ്രതിഷേധം. പാലക്കാട്-കൊല്ലങ്കോട് പ്രധാന പാതയായതിനാല്‍ അമ്പതോളം ബസുകള്‍ക്കു പുറമേ തുടര്‍ച്ചയായി ഇതര വാഹനങ്ങളും സഞ്ചരിക്കുന്ന വഴിയിലാണ് ലെവല്‍ക്രോസുള്ളത്.യാത്രാ ട്രെയിനുകള്‍ക്കുപുറമേ ചരക്കുകടത്ത് ട്രെയിനുകള്‍ സഞ്ചരിക്കുമ്പോഴും നീണ്ടനേരം ഗേറ്റ് അടച്ചിടേണ്ടതായി വരുന്നു.

ഗേറ്റ് അടച്ചസമയത്ത് അത്യാസന്ന നിലയില്‍ രോഗിയുമായി വന്ന ആംബുലന്‍സ് നീണ്ടനേരം നിര്‍ത്തിയിടേണ്ടതായി വന്നതിനെ തുടര്‍ന്ന് രോഗി ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. ഇക്കഴിഞ്ഞദിവസം ഗേറ്റില്‍ കുടുങ്ങി ആംബുലന്‍സില്‍ വന്ന രോഗി നീണ്ടനേരം വഴിയില്‍ അകപ്പെട്ടിരുന്നു. മുതലമട, നെണ്ടന്‍കിഴായ, പനങ്ങാട്ടിരി, എലവഞ്ചേരി, കാച്ചാംകുറിച്ചി എന്നിവിടങ്ങളില്‍ നിന്നും പാലക്കാട്ടേയ്ക്ക് ജോലിക്കുപോകുന്നവര്‍ ലെവല്‍ക്രോസില്‍ വാഹനം ദീര്‍ഘനേരം നിര്‍ത്തിയിടേണ്ടതായി വരുന്നതിനാല്‍ സമയത്തിന് ഓഫീസില്‍ എത്താന്‍ കഴിയാതെ വരുന്ന സാഹചര്യവും നിലനില്ക്കുന്നു.

മേല്പാലത്തിനുവേണ്ടി ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനു നല്കിയ നിവേദനം ചുവപ്പുനാടയില്‍ ഒതുങ്ങി. എത്രയുംവേഗം മേല്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ നൂതന സമരമുറകള്‍ നടത്താനുള്ള ഒരുക്കത്തിലാണ്.

Related posts