വടക്കഞ്ചേരി റോയല്‍ ജംഗ്ഷനില്‍ വീണ്ടും അപകടങ്ങള്‍ക്കു സാധ്യത

tcr-accidentവടക്കഞ്ചേരി: ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച ദേശീയപാത റോയല്‍ ജംഗ്ഷനില്‍ വീണ്ടും വന്‍ അപകടങ്ങള്‍ക്കു സാധ്യത നിലനില്ക്കുന്നതിനാല്‍ ദുരന്തം  ഒഴിവാക്കാന്‍ പോലീസും മറ്റു ബന്ധപ്പെട്ടവരും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം.ഇവിടെ ആറുവരിപാത  നിര്‍മാണത്തിന്റെ ഭാഗമായി ഫ്‌ളൈ ഓവറിന്റെ പണികള്‍ നടക്കുന്നതിനാല്‍ പാലക്കാടുനിന്നുള്ള വാഹനങ്ങളെല്ലാം റോയല്‍ ജംഗ്്ഷനിലെത്തി ഇടത്തോട്ടു തിരിഞ്ഞ് പുതിയ സര്‍വീസ് റോഡ് വഴി ബിവറേജ്‌സിനു മുന്നിലൂടെയാണ് തങ്കം കവലയിലെത്തി തൃശൂരിലേക്ക് പോകുന്നത്.

ഇത് റോയല്‍ ജംഗ്്ഷനിലെയും തങ്കം കവലയിലേയും അപകട സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടുന്നു.കണ്ണമ്പ്ര റോഡില്‍നിന്നും വരുന്ന വാഹനങ്ങളും വടക്കഞ്ചേരി ടൗണില്‍നിന്നും റസ്റ്റ്ഹൗസ് റോഡുവഴി വരുന്ന വാഹനങ്ങളും കൂടി റോയല്‍ ജംഗ്ഷനിലെത്തുന്നതോടെ തിരിയാന്‍ ഇടമില്ലാത്തവിധം വാഹനങ്ങള്‍ നിറയുകയാണ്.ഇതിനിടെ ഏതെങ്കിലും വാഹനം നിയന്ത്രണം തെറ്റിവരികയോ വേഗത്തില്‍ വരികയോ ചെയ്താല്‍ വലിയ ദുരന്തം തന്നെ സ്ഥലത്തുണ്ടാകുമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

പാലക്കാടുനിന്നും റോയല്‍ ജംഗ്്ഷന്‍ വരെയുള്ള നാലുവരിപാത നിര്‍മാണം പൂര്‍ത്തിയായി കിടക്കുന്നതിനാല്‍ ഇതിലൂടെ ചീറിപ്പാഞ്ഞാണ് ദൂരവാഹനങ്ങള്‍ റോയല്‍ ജംഗ്ഷനിലെത്തുന്നത്. ഇതിനിടയ്ക്ക് റസ്റ്റ്ഹൗസ് റോഡില്‍നിന്നുള്ള വാഹനങ്ങള്‍ ദേശീയപാത മുറിച്ചുകടന്ന് കണ്ണമ്പ്ര റോഡിലേക്ക് പ്രവേശിക്കുന്നതോടെ അപകട സാധ്യത വര്‍ധിക്കുകയാണ്.ഇതിനാല്‍ പാലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇപ്പോള്‍ തിരിച്ചുവിടുന്ന മട്ടില്‍ വിടാതെ റോയല്‍ ജംഗ്ഷനും കെഎസ്ആര്‍ടിസി ഡിപ്പോ വഴിക്കും ഇടയ്ക്ക് കട്ടിംഗുണ്ടാക്കി ഇതുവഴി വാഹനങ്ങള്‍ ഇടതുഭാഗത്തെ പുതിയ റോഡിലേക്ക് വിടാന്‍ സൗകര്യം ഉണ്ടാക്കണമെന്നാണ് ആവശ്യം.

അതുവഴി റോയല്‍ ജംഗ്ഷനില്‍ വാഹനങ്ങള്‍ കുടുങ്ങി അപകടമുണ്ടാകുന്നത് ഒഴിവാക്കാനുമാകും.അപകട സാധ്യയുള്ളതിനാല്‍ റോയല്‍ ജംഗ്്ഷനിലും തങ്കം കവലയിലും മുന്നറിയിപ്പ് ബോര്‍ഡുകളും സൂചകങ്ങളും സ്ഥാപിക്കണം.ആമകുളം യത്തീംഖാനയ്ക്കു മുന്നിലൂടെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ബൈപാസ് റോഡ് വീതികൂട്ടുകയും കുഴിയടയ്ക്കാനുള്ള നടപടികളുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.  ഇവിടെ റോഡിലെ വലിയ കുഴികള്‍മൂലം ചരക്കുലോറികള്‍ വലതുഭാഗത്തുകൂടി തെറ്റായാണ് ദേശീയപാതയിലേക്ക് കയറ്റുന്നത്.

Related posts