തിരൂരങ്ങാടി: പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ സുഖ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ കുഞ്ഞു മരിക്കാനിടയായ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ മൃതദേഹം ഇന്നു രാവിലെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. കൊടിഞ്ഞി അല്അമീന് നഗര്‍ സ്വദേശി എലിമ്പാട്ടില്‍ മുഹമ്മദ്കുട്ടി-ഹസീന ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് ഇന്നു രാവിലെ പത്തിനു കൊടിഞ്ഞിപള്ളി ഖബറിസ്ഥാനില്‍ തിരൂരങ്ങാടി തഹസില്‍ദാര്‍, കോട്ടക്കല്‍ പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സര്ജന് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
കഴിഞ്ഞദിവസം വെന്നിയൂരിലെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്. കഴിഞ്ഞ മൂന്നു പ്രസവവും യുവതിയുടെ ശസ്ത്രക്രിയയിലൂടെയായിരുന്നു. ഇതിനാലാണ് നാലാമത്തെ പ്രസവത്തിനായി കേന്ദ്രത്തിലെ വാട്ടര്‍ ബര്‍ത്ത് പ്രവസ ചികിത്സയ്ക്കു യുവതിയെയും ബന്ധുക്കളെയും പ്രേരിപ്പിച്ചതത്രെ. വയറ്റിനുള്ളില്‍ കുഞ്ഞു മരിച്ചതോടെ. ഹസീനയെ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഹസീന അപകടനില തരണം ചെയ്തായി ബന്ധുക്കള്‍ പറയുന്നു. നേരത്തെ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രസവ ചികിത്സ തേടിയിരുന്ന ഹസീന അടുത്തിടെയാണ് വെന്നിയൂരിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെത്തിയത്. സംഭവത്തെത്തുടര്‍ന്നു ഹസീനയെ പ്രവസത്തിനായി പ്രവേശിപ്പിച്ച വെന്നിയൂരിലെ ചികിത്സാ കേന്ദ്രത്തിനെതിരെ ഭര്‍ത്താവ് മുഹമ്മദ്കുട്ടിയുടെ ബന്ധുക്കള്‍ കോട്ടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു അനുസരിച്ചായിരിക്കും തുടര്നടപടികളെടുക്കുകയെന്നു കേസന്വേഷിക്കുന്ന എസ്ഐ ടി. സുരേഷ് ബാബു പറഞ്ഞു. കുഞ്ഞു മരിക്കാനിടയായ സംഭവം ഏങ്ങനെയാണെന്നു വ്യക്തമാകേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വെന്നിയൂരിലെ ചികിത്സാലയത്തിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്നു ഡിഎംഒ ഉമ്മര്‍ ഫാറൂഖ് അറിയിച്ചു. ഈ പ്രകൃതി ചിക്തിസാ കേന്ദ്രത്തെക്കുറിച്ചു നേരത്തെ രണ്ടു പരാതികള്‍ ആരോഗ്യവകുപ്പിനു ലഭിച്ചിട്ടുണ്ട്. ഇതടക്കം മൂന്നാമത്തെ സംഭവമാണ്. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്കു നടപടികള്‍ സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു പോസ്റ്റുമോര്‍ട്ടത്തിനു മസ്ജിദ് കമ്മിറ്റി ഇന്നലെ തന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് സര്‍ജന്റെ അസൗകര്യത്തെത്തുടര്ന്നു പോസ്റ്റുമോര്‍ട്ടം ഇന്നത്തേക്കായി മാറ്റുകയായിരുന്നു.