‘എവരി ഡോഗ് ഹാസ് എ ഡെ’ പ്രയോഗം! ഗവര്‍ണര്‍ പദവി ലഭിച്ച കുമ്മനം രാജശേഖരനെ അവഹേളിച്ച വാര്‍ത്താ ചാനലിന് നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റിയുടെ താക്കീത്

മിസോറാം ഗവര്‍ണറായി, ബിജെപി നേതാവ് കുമ്മനം രാജശേഖരനെ തെരഞ്ഞെടുത്ത സമയത്ത് അദ്ദേഹത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു എന്ന പരാതിയില്‍ മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലിനെതിരെ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡാര്‍ഡ് അഥോറിറ്റി.

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും അവഹേളിച്ച കേസിലാണ് ചാനലധികൃതര്‍ക്ക് താക്കീത് ലഭിച്ചിരിക്കുന്നത്. ചാനലിലെ സറ്റയര്‍ പരിപാടിയിലാണ് എവരി ഡോഗ് ഹാസ് എ ഡെ എന്ന് പറഞ്ഞ് കുമ്മനം രാജശേഖരന്റെ ഗവര്‍ണര്‍ പദവിയെ അവഹേളിച്ചത്.

പ്രതിഷേധം ഉയര്‍ന്നതോടെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ പരിപാടിയുടെ പുനര്‍ സംപ്രേക്ഷണം നിര്‍ത്തിവെച്ചെങ്കിലും മാപ്പ് പറയാന്‍ തയ്യാറായില്ല. ഇതോടെ ബിജെപി നേതാക്കള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. മന്ത്രാലയം കൂടുതല്‍ അന്വേഷണത്തിനായി നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് അഥോറിറ്റിയെ എല്‍പിക്കുകയായിരുന്നു.

അഥോറിറ്റിയുടെ ചോദ്യത്തിന് ചാനല്‍ മറുപടി പറഞ്ഞത് ഇതൊരു ആക്ഷേപ ഹാസ്യ പരിപാടിയാണെന്നും എടുത്തത് ഒരു സിനിമാ ഡയലോഗ് ആണെന്നുമാണ്. കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവി സംബന്ധിച്ച് വാര്‍ത്ത വന്നപ്പോള്‍ ട്രോളല്ല എന്ന് ബ്രാക്കറ്റില്‍ കൊടുത്തുകൊണ്ട് ഇതേ ചാനല്‍ വാര്‍ത്ത കൊടുത്തതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതാദ്യമാണ് മലയാളത്തില്‍ ഒരു ചാനല്‍ ഇപ്രകാരമുള്ള അച്ചടക്ക നടപടി നേരിടേണ്ടി വന്നത്. ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Related posts