പബ്ജി ഗെയിമിലൂടെ പ്രണയത്തിലായ നോയിഡ സ്വദേശിയായ കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ യുവതി സീമ ഹൈദർ ഇപ്പോൾ യൂട്യൂബ് താരമാണ്. സീമയ്ക്കും കാമുകൻ സച്ചിൻ മീണയ്ക്കും പതിനായിരക്കണക്കിന് സബ്സ്ക്രൈബേഴ്സ് ഉള്ള ആറ് യൂട്യൂബ് ചാനലുകളുണ്ട്. ഫാമിലി വ്ളോഗ്, ഡെയ്ലി ലൈഫ് വീഡിയോ തുടങ്ങിയവയാണ് ഇരുവരും പ്രധാനമായും പങ്കുവയ്ക്കുന്നത്.
നിലവില്‍ ബ്രാന്‍ഡ് പ്രൊമോഷന് അടക്കം 80,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെയാണ് ഇവരുടെ പ്രതിമാസ വരുമാനം.രണ്ടുവർഷം മുന്‍പ്, സച്ചിൻ മീണയ്ക്കൊപ്പം ജീവിക്കാനായാണു വിവാഹിതയും നാലു കുട്ടികളുടെ അമ്മയുമായ സീമ ഹൈദര്‍ ഇന്ത്യയിൽ എത്തിയത്. നേപ്പാൾ അതിർത്തിവഴി നാലുകുട്ടികൾക്കൊപ്പമായിരുന്നു വരവ്.
സച്ചിനൊപ്പം താമസം തുടങ്ങിയ യുവതി നിയമപരമായി വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് പാക് സ്വദേശിനിയാണെന്ന വിവരം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലായി. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങി സച്ചിനെ നിയമപരമായി വിവാഹം കഴിച്ചു. സീമ ഇപ്പോൾ ഗർഭിണിയാണ്. ഗര്‍ഭകാലവിശേഷങ്ങളും ദമ്പതിമാര്‍ തങ്ങളുടെ ചാനലിലൂടെ പങ്കുവയ്ക്കുന്നു.