മരണശേഷം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാൻ രൂപീകൃതമായ കാഴ്ച നേത്രദാന സേനയിൽ ഇതേവരെ അംഗത്വമെടുത്തത് 8768 അംഗങ്ങൾ. 2005 ഫെബ്രുവരിയിൽ രൂപീകൃതമായ കാഴ്ചയിൽ അംഗമായി മരണമടഞ്ഞ 15 പേരുടെ കണ്ണുകൾ 30 അന്ധരായ മനുഷ്യർക്ക് ഇന്ന് വെളിച്ചമേകുകയാണ്.
ചലച്ചിത്ര സംവിധായകൻ ബ്ലെസി ചെയർമാനും യുവജന നേതാവും പിഎസ് സി മുൻ അംഗവുമായ റോഷൻ റോയ് മാത്യു ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് കാഴ്ചയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. www.kazhcha .org എന്ന വെബ്സൈറ്റി ലൂടെയോ നേത്രദാന സമ്മതപത്രം നൽകാം.
കാഴ്ചയിലെ അംഗങ്ങൾ മരണമടയുമ്പോൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അന്ധതാ നിവാരണ സമിതിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം മൂന്നു മണിക്കൂറിനകം വീട്ടിലോ ആശുപത്രിയിലോ എത്തി നേത്രപടലം ശേഖരിച്ച് സർക്കാർ മെഡിക്കൽ കോളജുകൾക്ക് നൽകും.
അവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള അന്ധരായ മനുഷ്യർക്ക് മുൻഗണനാക്രമത്തിൽ ശസ്ത്രക്രിയ നടത്തി കാഴ്ച നൽകും .കാഴ്ചയിൽ അംഗമാകാൻ രജിസ്ട്രേഷൻ ഫീസോ മെമ്പർഷിപ്പ് ഫീസോ ഇല്ല.കണ്ണുകൾ ദാനമായി നൽകുവാൻ തയാറാകുന്ന ഏതൊരു വ്യക്തിക്കും സൗജന്യമായി കാഴ്ചയിൽ അംഗമാകാമെന്ന് ജനറൽ സെക്രട്ടറി റോഷൻ റോയ് മാത്യു പറഞ്ഞു.
എല്ലാ ജില്ലകളിലും അന്ധതാനിവാരണ സമിതിയുമായി ചേർന്നാണ് കാഴ്ചയുടെ പ്രവർത്തനം . മധുര അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ കേരളമെമ്പാടും സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും കാഴ്ച നടത്തുന്നുണ്ട്. 121 ക്യാമ്പുകളിലായി ഇതുവരെ 94,143 പേർക്ക് സൗജന്യ ചികിത്സയും 28, 713 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും നടത്തി.