പെൺകുട്ടികളോട് വയസും ആൺകുട്ടികളോട് സാലറിയും ചോദിക്കരുതെന്നാണ് പൊതുവെ പറയാറ്. എന്നാൽ സാലറി പറയാൻ ആൺകുട്ടികൾ തയാറാണെങ്കിലോ?
തന്റെ സാലറി തുറന്ന് പറഞ്ഞിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള ‘യൂഫോമി’ന്റെ സഹസ്ഥാപകനായ അഭിഷേക് ചക്രവർത്തി എന്ന യുവാവ്. പക്ഷേ സാലറി വെളിപ്പെടുത്തിയതോടെ സോഷ്യൽ മീഡിയയിൽ നിറയെ പരിഹാസമാണ് അദ്ദേഹം കേൾക്കുന്നത്.
‘₹420,000 രൂപ തന്റെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായി’ എന്നാണ് അഭിഷേക് ചക്രവർത്തി പോസ്റ്റിൽ പറയുന്നത്. അതിന്റെ സ്ക്രീൻഷോട്ടും അഭിഷേക് ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് വ്യാജമാണെന്നാണ് പലരും കമന്റ് ചെയ്തത്.
അഭിഷേക് ഷെയർ ചെയ്തിരിക്കുന്ന സ്ക്രീൻഷോട്ടിൽ കാണുന്നത് ₹420,000 എന്നാണ്. എന്നാൽ, അക്കങ്ങൾ ഒരിക്കലും ഇങ്ങനെ എഴുതാറില്ല. അത് ₹4,20,000 എന്നായിരിക്കും എഴുതുന്നത് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. ഇത്രയധികം രൂപ ശമ്പളമായി കിട്ടാൻ യാതൊരു സാധ്യതയും കാണുന്നില്ല എന്നാണ് മറ്റ് ചിലർ പറഞ്ഞത്.