സ്വിച്ചില്‍ അമര്‍ത്തിയാല്‍…! തെരുവുനായകളെ തുരത്തുന്ന യന്ത്രവുമായി വിദ്യാര്‍ഥികള്‍; ചെറിയൊരു വാച്ചിന്റെ വലിപ്പം മാത്രം; കൊണ്ടുനടക്കാനും എളുപ്പം

DOG1കാലടി: തെരുവുനായ്ക്കളെ തുരത്താന്‍ കാലടി ആദിശങ്കര എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത ഡോഗ് റിപ്പല്ലര്‍ എന്ന ഉപകരണം ശ്രദ്ധേയമായി. എം ടെക് പവര്‍ ഇലട്രോണിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആശ്‌ന, ബൈജു, മാധവദാസ്, ഗോപിക, അഞ്ജലി എന്നിവരാണ് ഇതു വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചെറിയൊരു വാച്ചിന്റെ വലിപ്പമുളള ഈ ഉപകരണം കൊണ്ടുനടക്കാനും എളുപ്പമാണ്. നായകള്‍ അടുത്തെത്തുമ്പോള്‍ ഡോഗ് റിപ്പല്ലറിന്റെ സ്വിച്ചില്‍ അമര്‍ത്തിയാല്‍ അള്‍ട്രാ സോണിക് ശബ്ദ തരംഗങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കും.

നായയെപ്പോലുളള ആക്രമണകാരികളായ മൃഗങ്ങള്‍ക്കു മാത്രമാണ് ഈ തരംഗങ്ങള്‍ അനുഭവമാകുകയുളളൂ. ആക്രമിക്കാന്‍ വരുന്ന നായകള്‍ ഇതുമൂലം ദൂരത്തേക്ക് ഓടിപ്പോകുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നിലവില്‍ ഇത്തരം ഉപകരണം വിപണിയിലുണ്ട്. അതിന് 3000 രൂപയോളം വിലവരും. എന്നാല്‍ ഡോഗ്‌റിപ്പല്ലറിന് 500 രൂപയില്‍ താഴെ മാത്രമേ വില വരുന്നുളളൂ. വാണിജ്യപരമായി നിര്‍മിക്കുകയാണെങ്കില്‍ ചെലവ് ഇനിയും കുറയ്ക്കാനാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഡോഗ് റിപ്പല്ലര്‍ അനായാസമായി കൈകാര്യം ചെയ്യാം. ഒരു മണിക്കൂര്‍ ബാറ്ററി ചാര്‍ജുചെയ്താല്‍ രണ്ടു ദിവസം ഉപയോഗിക്കാം. തങ്ങള്‍ വികസിപ്പിച്ചെടുത്ത ഡോഗ് റിപ്പല്ലറിന് പേറ്റന്റ് നേടിയെടുക്കാനുളള ശ്രമത്തിലാണ് വിദ്യാര്‍ഥികള്‍. എംടെക് പവര്‍ ഇലട്രോണിക്‌സ് തലവന്‍ ഡോ. എസ്.ജി. ശരവണകുമാറിന്റെ കീഴിലാണ് വിദ്യാര്‍ഥികള്‍ പരീക്ഷണം നടത്തിയത്.

Related posts