കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര് റിമാന്‍ഡില്‍. റിസോര്‍ട്ടിന്റെ മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.
റിസോര്‍ട്ടിനോടനുബന്ധിച്ചുള്ള ടെന്റിനും ഷെഡിനും സുരക്ഷയും ലൈസന്‍സും ഇല്ലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം പോലീസിന്റെ അനുമതിയോടെയാണ് റിസോര്‍ട്ട് നടത്തിയതെന്നാണ് റിസോര്‍ട്ട് മാനേജ്മെന്റ് പറയുന്നത്.
റിസോര്‍ട്ടിനാണ് പോലീസിന്റെ അനുമതി ഉണ്ടായിരുന്നതെന്നും ഇതിനോടനുബന്ധിച്ചുള്ള ടെന്റിന് അനുമതി നല്‍കിയിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മലപ്പുറം നിലമ്പൂര്‍ എരഞ്ഞിമങ്ങാട് അകമ്പാടം ബിക്കന് ഹൗസില്‍ നിഷ്മ(24)യാണ് ടെന്റ് തകര്‍ന്ന് വീണ് മരിച്ചത്.
ലൈസന്‍സ് ഇല്ലാത്ത ഇത്തരം നിരവധി സ്ഥാപനങ്ങള്‍ മേപ്പാടിയിലടക്കം വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. ഇത്തരം കേന്ദ്രങ്ങൾ വയനാടന്‍ ടൂറിസത്തിനു ഭീഷണിയായി മാറുകയാണ്.
നേരത്തെ മേപ്പാടി മേഖലയിലെ റിസോര്‍ട്ടിനു സമീപത്തെ ടെന്റില്‍ താമസിച്ചിരുന്ന യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞിരുന്നു. ഇത്തരം ദാരുണ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ലാതെ അധികൃതര്‍ പരിശോധന നടത്തുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.