നടുറോഡിൽ പൊടുന്നനേയുണ്ടായ എട്ടടിയോളം ആഴമുള്ള കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാർ വീണു. ചെന്നൈയിലെ താരാമണിക്കു സമീപത്തെ ടൈഡൽ പാർക്കിനടത്തുള്ള രാജീവ് ഗാന്ധി സലൈയിലെ റോഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ടാക്സി കാറാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ റെയിൽവേ സ്റ്റേഷനിൽനിന്നു യാത്രക്കാരുമായി പോവുകയായിരുന്നു കാർ. കാറിലുണ്ടായിരുന്ന രണ്ടു കുട്ടികളടക്കം അഞ്ച് പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
നിരവധി വാഹനങ്ങൾ സംഭവസമയം റോഡിലുണ്ടായിരുന്നു. ഗർത്തം രൂപപ്പെട്ടതോടെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. റോഡിന് അടിയിലൂടെ കടന്നു പോകുന്ന മലിനജല പൈപ്പ് പൊട്ടിയതാണു ഗർത്തമുണ്ടാകാൻ കാരണമെന്നു സിഎംആർഎൽ വിശദമാക്കുന്നത്. മെട്രോ റെയിൽ നിർമാണം നടക്കുന്നതിന് 300 മീറ്റർ അരികിലായിരുന്നു അപകടം.