അസംസ്കൃത രാസവസ്തുക്കൾ ഉപയോഗിച്ച് ഫ്ലാറ്റിൽ രാസലഹരി നിർമിച്ച് വിറ്റിരുന്ന വിദേശ വനിത അറസ്റ്റിൽ. 5.6 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയൻ സ്വദേശിനി റീത്ത ഫാത്തി കുറെബൈവു (26) ആണ് മുംബൈയിൽ പിടിയിലായത്.
നാലസൊപാര ഈസ്റ്റിലെ പ്രഗതി നഗറിൽ വൻതോതിൽ എംഡിഎംഎ വിൽപ്പന നടക്കുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തുളിഞ്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
അന്വേഷണസംഘം ഫ്ലാറ്റിൽ എത്തിയപ്പോൾ റീത്ത പ്രഷർ കുക്കറിൽ രാസലഹരി തയാറാക്കുകയായിരുന്നു. താമസസ്ഥലത്തുനിന്നു ലഹരിവസ്തുക്കൾ തയാറാക്കുന്നതിനായുള്ള അസംസ്കൃതവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.