കുറച്ചേറെ മാസങ്ങളായി പലവക കാരണങ്ങളാലും ദുഃഖിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് ജീവിതം മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നത്. മാനസികവ്യഥകളുടെ കാഠിന്യമേറിയപ്പോൾ ശരീരം അതിന്റെ സ്വതസിദ്ധമായ പ്രതികരണങ്ങൾ കാട്ടിതുടങ്ങിയതോടെ ആശുപത്രിവാസങ്ങളും തുടരെ തുടരെയായി.
കാശ് കടം വാങ്ങിയവരുടെ ചീത്തവിളികൾ മനസിനെ തെല്ലൊന്നുമല്ല ഉലച്ചത്. നീണ്ട പത്തുപതിനഞ്ച് മാസത്തോളം സ്ഥിരവരുമാനമില്ലാതിരുന്നതിന്റെയും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയുമെല്ലാം വൈക്ലബ്യം ഒരു പാനിക് അറ്റാക്കിലേക്കും മറ്റുപല ശാരീരിക ക്ലേശങ്ങളിലേക്കും വഴിതെളിച്ചു. ആരൊക്കെ കൂടെയുണ്ടെന്ന് ആത്മാർഥതയോടെ തിരിച്ചറിയാനുള്ള സുവർണ അവസരം കൂടിയായി അത്.
പലരും വിളിച്ചാൽ ഫോൺ പോലും എടുക്കാതെയായി. ജീവിതത്തിലെ ആ ഒരധ്യായത്തെ ക്കുറിച്ച് വളരെ വിശദമായി ചിലരെയെല്ലാം പരാമർശിച്ചുകൊണ്ടുതന്നെ മറ്റൊരു കുറിപ്പ് ഞാനടുത്തുതന്നെ എഴുതും. ഇപ്പോൾ ഞാൻ ഈ പോസ്റ്റ് ഇടുന്നത് ഒരു സെൽഫ് മോട്ടിവേഷന്‍ വേണ്ടിയാണ്. ആലോചിച്ചാൽ ഒരന്തവുമില്ല ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ലെന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ ജീവിതം അതിന്റെ താളക്രമത്തിൽ തന്നെ മാത്രമെ മുന്നോട്ടുപോകൂ. -മനീഷ കെ.എസ്