പത്തനംതിട്ട: പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചെന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് പോലീസിനു വ്യാജ സന്ദേശം നല്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് ആനചന്ത കോട്ടക്കുഴി വെട്ടുവേലില്‍ വീട്ടില്‍ സിനു തോമസാണ് (32) പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം 6.15 നാണ് ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നു പത്തനംതിട്ട ജില്ലാ പോലീസ് ഇ ആര്‍എസ്എസ് കണ്ട്രോള് റൂമിൽ, സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശമടങ്ങിയ വിളി എത്തിയത്.
വിവരം അറിഞ്ഞ ഉടനെ പത്തനംതിട്ട ഡിവൈഎസ്പി എസ്.അഷാദിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്ക്വാഡും എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മലയാലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്.വിജയന്, പത്തനംതിട്ട എസ്ഐ ഷിജു പി.സാം, സിപിഒമാരായ അഫ്സൽ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് തെരച്ചില്‍ നടത്തിയത്.