ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ കിഫ്ബി കുടിവെള്ള പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചുപേരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ചേരാവള്ളി സ്വദേശികളായ ഷിജു (43), അബ്ദുൾ ഷുക്കൂർ (49), നൂറനാട് ആദിനാട് സ്വദേശി സാലീം ( 36), കായംകുളം പെരിങ്ങാല സ്വദേശി ഷൈജു (41), കൃഷ്ണപുരം കുറ്റിത്തെരുവ് സ്വദേശി സിയാദ് (41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനു സമീപമുള്ള സ്വകാര്യ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന പൈപ്പുകളാണ് നഷ്ടപ്പെട്ടത്. അറുപതോളം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായതെന്ന് പോലീസ് അറിയിച്ചു.
പിടിയിലായവർ കായംകുളം, നൂറനാട് ഭാഗത്തുള്ളവരാണ്. മുളക്കുഴ പെട്രോൾ പമ്പിനു സമീപം സ്വകാര്യ മൊബൈൽ കമ്പനിയുടെ രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന കേബിൾ നഷ്ടപ്പെട്ടതിനു പിന്നിലും ഇതേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പാലക്കാട്ടെത്തിച്ച് വിൽപ്പന നടത്തിയെന്നാണ് വിവരം.
സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ പിടിയിലായ ഒരാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൈപ്പുകൾ നഷ്ടപ്പെട്ടതായി കരാറു കാരൻ പോലീസിൽ പരാതി നൽകിയത്.വലിയ ജിഐ പൈപ്പുകൾ ഉൾപ്പെടെ നഷ്ടപ്പെട്ടതിനാൽ ഒന്നിലേറെ പേർ സംഘത്തിൽ ഉണ്ടാകുമെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജംഗ്ഷനിലുള്ളവരിൽനിന്ന് കഴിഞ്ഞദിവസം വലിയ ലോറിയിൽ പൈപ്പുകൾ കയറ്റിയതായി വിവരം ലഭിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
ഉച്ചകഴിഞ്ഞുള്ള സമയത്തായിരുന്നു പൈപ്പുകൾ കടത്തിയത്. പൈപ്പുകൾ പണിസ്ഥലത്തേക്ക് കൊണ്ടുപോവുകയാണെന്നാണ് ആളുകൾ ധരിച്ചത്. രണ്ടു വർഷമായി പൈപ്പുകൾ ഇവിടെ ഇറക്കിയിട്ടിരിക്കുകയായിരുന്നു. കുടിവെള്ള പദ്ധതിക്കായി പൈപ്പിടൽ നടന്നുവരികയാണ്. ഇവിടെ നിന്നാണ് പൈപ്പുകൾ പണി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയിരുന്നത്. വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് പൈപ്പുകളുടെ എണ്ണത്തി ൽ കുറവ് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇവർക്കെതിരേ സമാനമായ കുറ്റകൃത്യം നടത്തിയതിന് കായംകുളം പോലീസ് സ്റ്റേഷനിലും നിലവിൽ കേസുണ്ട്. ഡിവൈഎസ്പി. കെ. ബിനു കുമാർ, സിഐ എ.സി. ബിബിൻ,എസ്ഐമാരായ എസ്. പ്രദീപ്, നിതിൻ രാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, ഷെഫീക്ക്, അരുൺ ഭാസ്കർ, സിപിഒ കണ്ണൻ എന്നി വരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.