തിരുവനന്തപുരം ∙ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശാപ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച രാപകൽ സമരം ഇന്ന് 100 ദിവസത്തിലേക്ക് കടന്നു. ഇന്ന് വൈകുന്നേരം 4.30ന് സമരപ്പന്തലിൽ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം.
സമരവേദിയിൽ ഇന്ന് 100 തീപ്പന്തങ്ങൾ ഉയർത്തും. ആശമാരുടെ സംസ്ഥാനതല രാപ്പകൽ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടത്തും.
സമര യാത്രയുടെ 16-ാം ദിവസമായ ഇന്ന് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്. സമരത്തിനു പിന്തുണ തേടി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന രാപ്പകൽ സമരയാത്ര കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പര്യടനം പൂർത്തിയാക്കി.
ജൂൺ 17ന് തിരുവനന്തപുരത്താണ് സമാപനം.ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്.