ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ രാത്രി ആഞ്ഞടിച്ച അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും ആലിപ്പഴവർഷവും ഉണ്ടായി. മരങ്ങൾ കടപുഴകി ഉണ്ടായ ഗതാഗതതടസവും വൈദ്യുതി തടസവും മണിക്കൂറുകൾ നീണ്ടു. വിമാനസർവീസുകളെയും ഡൽഹി മെട്രോ സർവീസുകളെയും കാറ്റും മഴയും ബാധിച്ചു.
കനത്ത കാറ്റിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റു വീണു മലയാളിക്ക് പരിക്കേറ്റു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റത്. രാത്രി 8.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു അപകടം. വിമാനത്താവളത്തിൽ വച്ചുതന്നെ പ്രാഥമിക ചികിത്സ നൽകി.
ഉഷയുടെ ഭർത്താവ് സുധനും മകൾ ആരതിയും ഒപ്പമുണ്ടായിരുന്നു. പൊടിപടലങ്ങൾ വഹിച്ചുകൊണ്ടുള്ള കാറ്റാണു വീശിയത്. ആലിപ്പഴ വർഷം കെട്ടിടങ്ങളുടെ മേൽക്കൂരകളെയും റോഡുകളെയും തകർത്തു. നോയിഡയിലെ സ്വാഗത ബോർഡ് തകർന്നു. ഇന്ത്യാ ഗേറ്റിനടുത്തുള്ള കോപ്പർനിക്കസ് മാർഗിൽ കൂറ്റൻ മരം മറിഞ്ഞ് കാറിൽ വീണു. പാലം, സഫ്ദർജംഗ് മേഖലകളിൽ മണിക്കൂറിൽ 35 മുതൽ 79 കിലോമീറ്റർ വരെ വേഗത്തിലാണു കാറ്റുവീശിയത്. തടസങ്ങൾ മാറ്റിവരുന്നതേയുള്ളു.