ഫ്ളാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് വച്ച സംഭവത്തിൽ യുവാവിന് 24,000 രൂപ പിഴ! കർണാടക ഇലക്ട്രോണിക്സ് സിറ്റിയിലെ സൺറൈസ് പാർക്കിലാണു സംഭവം. പാർപ്പിട സമുച്ചയത്തിന്റെ ഫേസ് വണ്ണിൽ താമസിക്കുന്ന ബംഗളൂരു സ്വദേശിയായ യുവാവിനാണു പിഴയിട്ടത്.
റെസിഡൻസ് അസോസിയേഷന്റെ നിർദേശം അവഗണിച്ച് എട്ട് മാസമായി ഇയാൾ ഫ്ളാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് സ്ഥാപിച്ച് പാദരക്ഷകൾ സൂക്ഷിക്കുകയായിരുന്നു. പ്രതിദിനം 100 രൂപ വീതമാണ് അസോസിയേഷൻ പിഴ ചുമത്തിയത്.
പിഴയിട്ടിട്ടും ഷൂ റാക്ക് മാറ്റാൻ കൂട്ടാക്കാത്ത യുവാവിന്റെ നടപടി വൈറലായി. പിഴയടയ്ക്കുകയും ഭാവിയിൽ ഈടാക്കാനിരിക്കുന്ന പിഴശിക്ഷയിനത്തിൽ 15,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്താണ് യുവാവ് അസോസിയേഷനെതിരേയുള്ള രോഷം പ്രകടിപ്പിച്ചത്. 1046 യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് സൺറൈസ് പാർക്ക് റെസിഡൻഷ്യൽ കോംപ്ലക്സ്.