തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും. വൈകുന്നേരം അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും സിപിഎം നേതാക്കളും പങ്കെടുക്കും.
ഒരു ലക്ഷം പേരെയാണ് അണിനിരത്തുന്നതെന്നാണ് സംഘാടകർ അവകാശപ്പെട്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും പ്രകടനമായും ജാഥകളുമായിട്ടാണ് പാർട്ടി പ്രവർത്തകർ പുത്തരിക്കണ്ടം മൈതാനത്തിലെത്തുന്നത് . വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ ജില്ലകളിൽ അവലോകന യോഗങ്ങളും പൗരപ്രമുഖരുടെ യോഗവും പൊതുസമ്മേളനങ്ങളും നടത്തിയിരുന്നു.
കഴിഞ്ഞ മാസം 21 നാണ് വാർഷിക ആഘോഷ പരിപാടികൾക്ക് കാസർകോട് തുടക്കമിട്ടത്. പതിമൂന്ന് ജില്ലകളിലെയും പരിപാടികൾക്ക് ശേഷമാണ് തലസ്ഥാനത്ത് ഇന്ന് സമാപന പരിപാടി നടക്കുന്നത്. കഴിഞ്ഞയാഴ്ച മുതൽ കനകക്കുന്നിലും എന്റെ കേരളം വ്യാപാര പ്രദർശന വിപണന മേളയും വിവിധ വകുപ്പുകളുടെ സ്റ്റാളുകളും പ്രവർത്തിച്ച് വരികയാണ്. അതേ സമയം സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ മറവിൽ നടക്കുന്നത് വലിയ ധൂർത്താണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.