കോഴിക്കോട്: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് വീണ്ടും തിരിച്ചുവരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കം കോവിഡ് കേസുകളുടെ എണ്ണം എല്ലാ ജില്ലകളിലും വര്‍ധിക്കുകയാണ്. ഈ മാസം തിരുവനന്തപുരത്ത് രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ ഭീതിജനകമല്ലെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നു. ജാഗ്രതാ നിര്‍ദേശങ്ങളൊന്നും ആരോഗ്യ വകുപ്പ് നല്‍കിയിട്ടില്ല.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടുപേര്‍ ഈ മാസം മരിച്ചത്. 58-ഉം 64-ഉം വയസുള്ള ഇരുവരും തിരുവനന്തപുരം ജില്ലക്കാരാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായാണ് ഇരുവരും ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.
ചികില്‍സയില്‍ കഴിയവെ അധികം വൈകാതെ മരിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയപോര്ട്ടലില് ഇതുവരെ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. ഏതുതരം കോവിഡ് ആണെന്ന് അറിയാന്‍ ആരോഗ്യവകുപ്പ് ഈ രോഗികളുടെ സ്രവത്തിന്റെ സാമ്പിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. മരണം കോവിഡ് ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 76 പേര് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് രൂക്ഷമായ 2020-ല്‍ 3073 പേരും 2021-ല്‍ 44,368 പേരും 2022-ല്‍ 24,219 പേരും സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ഗര്‍ഭിണികളെയും ശസ്ത്രക്രിയാ രോഗികളെയും പരിശോധിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ട്.
ഇവരെ കോവിഡ് പരിശോധനയ്ക്ക് വിയേമാക്കുന്നുണ്ട്. എന്നാല്‍, പനി ബാധിച്ചുവരുന്ന എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. എല്ലാ ജില്ലകളിലും കോവിഡ് രോഗികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലുള്ളത് കോട്ടയത്താണ്. 57 കേസുകള്‍. എറണാകുളത്ത് 34 കേസുകളും തിരുവനന്തപരുത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകന്‍