ന്യൂയോർക്ക്: ആഴത്തിൽ അറിവുള്ള ബുദ്ധിജീവിയെപോലെയാണു ചാറ്റ് ജിപിടി. എന്ത് സംശയം ചോദിച്ചാലും, അഭിപ്രായം ആരാഞ്ഞാലും മറുപടി ഉണ്ടാകും. അമേരിക്കക്കാരനായ യുവാവ് ചാറ്റ് ജിപിടിയെ, ഒരു വക്കീലിനെപോലെ ഉപയോഗിച്ച് രണ്ടു ലക്ഷം രൂപ റീഫണ്ട് നേടിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കൊളംബിയയിലേക്കുള്ള വിമാനയാത്ര അസുഖം മൂലം അവസാനനിമിഷം റദ്ദാക്കേണ്ടിവന്ന യുവാവിന് ടിക്കറ്റിന്റെയും ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെയും റീഫണ്ട് കിട്ടിയില്ല. ഹോട്ടലിലും എയർലൈനിലും ബുക്കിംഗ് കാൻസൽ ചെയ്താൽ മെഡിക്കൽ എമർജൻസി ആണെങ്കിൽ റീഫണ്ട് ലഭിക്കാൻ വകുപ്പുള്ളതാണ്. യുവാവിനെ ചികിത്സിച്ച ഡോക്ടർ അതിനുള്ള തെളിവുകൾ നൽകാൻ തയാറുമായിരുന്നു.
റീ ഫണ്ട് തരാൻ പറ്റില്ലെന്ന നിലപാട് അധികൃതർ സ്വീകരിച്ചതോടെ യുവാവ് എഐ ചാറ്റ്ബോട്ടിന്റെ സഹായം തേടി. റീ ഫണ്ട് ലഭിക്കാൻ അർഹതയുണ്ടെന്നു ചാറ്റ് ജിപിടി വ്യക്തമാക്കിയതിനു പുറമെ വിശദമായ അപേക്ഷ തയാറാക്കി നൽകുകയും ചെയ്തു. നിയമവശങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകിയതോടെ യുവാവിന് എയർലൈനിൽനിന്നും ഹോട്ടലിൽനിന്നുമായി രണ്ടു ലക്ഷം റീഫണ്ട് ലഭിച്ചു. റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചത്.
മനുഷ്യനെപോലെ എഴുതാനും വായിക്കാനും ചാറ്റ് ചെയ്യാനുമെല്ലാം സാധിക്കുന്ന നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണു ചാറ്റ് ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ ട്രെയ്ന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍). ഇന്റര്‍നെറ്റിലും അച്ചടിച്ച പുസ്തകങ്ങളില്‍ ലഭ്യമായ അനേകായിരം എഴുത്തുകള്‍ (ടെക്സ്റ്റ് ഡാറ്റ) ഉപയോഗിച്ചാണു ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്.