മാവേലിക്കര: ചെട്ടികുളങ്ങരയിൽ പനിയും ഛർദിയും ബാധിച്ചു പത്താം ക്ലാസ് വിദ്യാർഥി മരിച്ചതിന്റെ കാരണം പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് അധികൃതർ. ചെട്ടികുളങ്ങര ഈരേഴ തെക്ക് കാങ്കാലിൽ കിഴക്കതിൽ സെൽവരാജ്-ലേഖ ദമ്പതികളുടെ മകൻ ചെട്ടികുളങ്ങര എച്ച്എസ്എസ് വിദ്യാർഥി നവീൻ രാജ് (15) ആണ് കഴിഞ്ഞദിവസം പനിയും ഛർദിയും ബാധിച്ചു മരിച്ചത്.
ഇന്നലെ നടന്ന പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ കാരണം വ്യക്തമല്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, പനിയെത്തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണ കാരണമെന്നു സൂചനയുണ്ട്.ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണകാരണം കൃത്യമാകു.
പ്രാഥമിക പരിശോധനയിൽ മരണകാരണം കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചയോടെയാണു നവീനെ ആശുപത്രിയിൽ എത്തിച്ചത്. പെട്ടെന്ന് ആരോഗ്യനില വഷളായതിനാൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകുന്നതിനിടെയാണ് മരിച്ചത്.
പരിശോധനയിൽ കുട്ടിക്ക് എച്ച്വൺ എൻവൺ, ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നു സ്ഥിരീകരിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം ചെട്ടികുളങ്ങര എച്ച്എസ്എസിൽ പൊതുദർശനത്തിനു വച്ച മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു സംസ്കാരം നടത്തി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് സ്കൂളിൽ പനി സംബന്ധിച്ചു ബോധവത്കരണം ക്ലാസ് നടത്തും.