കോട്ടയം: കിടാരികള്‍ക്കു മാത്രം ജന്മം നല്കാന് ലിംഗനിര്‍ണയം നടത്തിയ ബീജം (സെക്സ് സോള്‍ട്ടഡ് സെമന്‍) ജില്ലയിലെ 29 മൃഗാശുപത്രികളില്‍ ലഭ്യമാക്കുന്നു. പശുക്കിടാരികളെ കൂടുതലായി ഉത്പാദിപ്പിക്കാനും പാലുത്പാദനം കൂട്ടാനും ലക്ഷ്യമിട്ട് രാഷ്ട്രീയ ഗോകുല്‍ മിഷന് പദ്ധതിയുടെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയില്‍ അത്യുത്പാദന ശേഷിയുള്ള ബീജമാണ് കുത്തിവയ്ക്കുന്നത്.
വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ബീജത്തില്‍ 99 ശതമാനവും കിടാരികള്‍ ജനിക്കുമെന്നതാണ് പ്രത്യേകത. അത്യുത്പാദന ശേഷിയുള്ള കാളകളുടെ ബീജത്തില്‍നിന്നും മൂരിക്കിടാവ് ജനിക്കാന്‍ സാധ്യതയുള്ള ക്രോമസോമിനെ നീക്കം ചെയ്യും. ലാബിലെ ശസ്ത്രക്രിയാ പ്രക്രിയയിലൂടെ മൂരിക്കിടാവിനു സാധ്യതയുള്ള വൈ -ക്രോമസോമിനെ നീക്കിയാണ് ഇതിന്റെ ഉത്പാദനം.
10 ലിറ്റര്‍ പാല് തരുന്ന പശുക്കളിലാണ് ഈ ബീജം കുത്തിവയ്ക്കുക. ഈ രീതിയില്‍ പ്രത്യുത്പാദനം നടത്തി ജനിക്കുന്ന പശുക്കളില്‍ നിന്നും ഒരു ദിവസം 40 ലിറ്റര്‍ പാല്‍വരെ കിട്ടുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി. കെ. മനോജ് പറഞ്ഞു.ഭാരതീയ അഗ്രോ ഇന്‍ഡസ്ട്രിയല്‍ ഫൗണ്ടേഷന് എന്ന ഏജന്‍സി മുഖേന കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡാണ് ബീജം എത്തിക്കുന്നത്.
ലിംഗ നിര്‍ണയം നടത്തിയ ബീജം കുത്തിവയ്ക്കുന്നതിലൂടെ ഉത്പാദന ശേഷിയുള്ള പശുക്കളുടെ ഒരു തലമുറയുണ്ടാകുമെന്നും ക്ഷീര കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു. രാമപുരം പഞ്ചായത്തില്‍ ലിംഗനിര്‍ണയം നടത്തിയ ബീജം കുത്തിവച്ചതിലൂടെ ഇരട്ടകള്‍ ഉള്‍പ്പെടെ എട്ടു പശുക്കുട്ടികള്വരെ ഇതുവരെയുണ്ടായി. കഴിഞ്ഞ മേയില്‍ ഇവിടെ പദ്ധതി ആരംഭിച്ചിരുന്നു. ഇതുവരെ 40 പശുക്കളില്‍ കുത്തിവയ്പ് നടത്തിയിട്ടുണ്ട്.
ആര്‍പ്പൂക്കര, ചമ്പക്കര, കടനാട്, കൂരാലി, കൊഴുവനാല്‍, മരങ്ങോലി, മീനടം, മേലുകാവ്, മൂന്നിലവ്, മുത്തോലി, പൈക, പുതുവേലി, അയര്‍ക്കുന്നം, രാമപുരം മേതിരി, പരിയാരം, ചെങ്ങളം സൗത്ത്, ചേന്നാട്, മേലമ്പാറ, പനച്ചിക്കാട്, ടിവിപുരം, തുരുത്തി, ഉദയനാപുരം, വെച്ചൂര്‍, തലയാഴം, കൂരോപ്പട, കടുത്തുരുത്തി, കുറിച്ചി, പാറത്തോട് മൃഗാശുപത്രികളിലാണ് ലിംഗനിര്‍ണയം നടത്തിയ ബീജം വിതരണത്തിന് എത്തിക്കുന്നത്. ഒരു സ്ട്രോയ്ക്ക് 500 രൂപയാണ് വില. രജിസ്റ്റര്‍ ചെയ്യുന്ന പശുക്കള്‍ക്ക് രണ്ട് ബീജമാത്രകളാണ് സബ്സിഡിയായി ലഭിക്കുക. ബീജസങ്കലനം പരാജയപ്പെട്ടാല്‍ തുക തിരികെ ലഭിക്കും.