കോട്ടയം: കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. മന്ത്രിമാരായ വീണാ ജോർജ്, വി.എൻ. വാസവൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്. അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീടും മുഖ്യമന്ത്രി സന്ദർശിക്കും. അതേസമയം അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദർശിക്കാത്തത് പ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
അതേസമയം, മകളുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്നു ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കൽ കോളജ് അപകടം: മുഖ്യമന്ത്രി സന്ദർശിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
