ജറുസലേം: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്. വെടിനിർത്തൽ സംബന്ധിച്ചുള്ള ചർച്ചയ്ക്കു തങ്ങൾ തയാറാണെന്ന് മധ്യസ്ഥചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് അറിയിച്ചു. വെടിനിർത്തൽ നടപ്പാക്കുന്ന കാര്യത്തിൽ അടിയന്തരചർച്ചയ്ക്കു തയാറാണെന്ന് പ്രസ്താവനയിൽ ഹമാസ് വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രാവർത്തികമാവുമെന്ന് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഓവൽ ഓഫീസിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് യുഎസ് പ്രസിഡന്റ് അപ്രതീക്ഷിതമായി ഗാസയിലെ വെടിനിർത്തലിനെക്കുറിച്ച് പറഞ്ഞത്.
യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ അന്തിമനിർദേശങ്ങൾ ഹമാസിനുകൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് കരാർ അംഗീകരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു.
എന്നാൽ, ആരുമായാണ് ചർച്ചകൾ നടത്തിയതെന്നും യുഎസ് പ്രതിനിധികൾ ആരൊക്കെയായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം, വെടിനിർത്തൽ നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിച്ചതായി ട്രംപ് പ്രഖ്യാപിച്ചശേഷവും ഗാസയിൽ ആക്രമണമുണ്ടായിരുന്നു. നിരവധിയാളുകൾ മരിക്കുകയും ചെയ്തു.