ബംഗളൂരു: കർണാടകയിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മുങ്ങിയ ആലപ്പുഴ സ്വദേശികൾക്കായി അന്വേഷണം ഊർജിതമാക്കി. ആലപ്പുഴ രാമങ്കരി സ്വദേശികളായ എ.വി. ടോമിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്.
ഇവർ100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. സംഭവത്തിൽ മലയാളികൾ ഉൾപ്പടെ ആയിരത്തിലേറെയാളുകളുടെ പണം നഷ്ടമായി. തട്ടിച്ചെടുത്ത പണത്തിന്റെ യഥാർഥ കണക്കുകൾ പുറത്തുവരുന്നതേയുള്ളൂ.ബംഗളൂരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി.
ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.
265 പേരാണ് ചിട്ടികമ്പനിക്കെതിരെ ഇത് വരെ പരാതി നൽകിയത്. കേസെടുത്ത രാമമൂർത്തി നഗർ പോലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്. രേഖകളിൽ 1300ഓളം ഇടപാടുകാരുള്ളതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടിയേക്കും.