ആക്സിയം 4 ദൗത്യസംഘത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സംഘാംഗങ്ങളോടൊപ്പം വിരുന്നുകഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. 14 ദിവസത്തെ ദൗത്യത്തിനായി എത്തിയ സംഘം 14ന് മടങ്ങും. കഴിഞ്ഞദിവസം മടക്കയാത്ര മാറ്റിവച്ചിരുന്നു.
ശുക്ലയും മറ്റ് അംഗങ്ങളും വിരുന്നിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണു പുറത്തുവിട്ടത്. പുതുതായി പുറത്തിറങ്ങിയ ചിത്രങ്ങളിൽ, ശുക്ലയും സഹപ്രവർത്തകരും പൂജ്യം ഗുരുത്വാകർഷണത്തിൽ പൊങ്ങിക്കിടക്കുന്നതും ഭക്ഷണം ആസ്വദിക്കുന്നതിനിടയിൽ പുഞ്ചിരിക്കുന്നതും കാണാം.
ശുക്ലയും മറ്റു മൂന്നുപേരും 14ന് മടക്കയാത്ര ആരംഭിക്കുമെന്ന് ഇന്നലെ വൈകുന്നേരമാണു നാസ അറിയിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല ഐഎസ്എസ് സന്ദർശിച്ച ആദ്യത്തെ ഇന്ത്യക്കാരനും 1984ൽ ബഹിരാകാശത്തുപോയ വിംഗ് കമാൻഡർ രാകേഷ് ശർമയ്ക്കു ശേഷം രണ്ടാമത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനുമാണ്.