വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ടെക്സസിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മെലാനിയ ട്രംപ്, സെനറ്റർ ജോൺ കോണിൻ, ടെക്സസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ട്രംപിനൊപ്പം ഉണ്ടാകും.
കെർ കൗണ്ടിയിലെ ഹിൽ കൺട്രി യൂത്ത് സെന്ററിൽ ഇന്നു നടക്കുന്ന പ്രത്യേക അവലോകന യോഗത്തിലും ട്രംപ് പങ്കെടുക്കും. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളെയും പ്രാദേശികഭരണകൂട അംഗങ്ങളെയും ട്രംപ് കാണും.
ടെക്സസിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ 121പേർ മരിച്ചതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. 170ലേറെപ്പേരെ ഇപ്പോഴും കാണാനില്ലെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. തെരച്ചിൽ തുടരുകയാണ്.
കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വേനൽക്കാല ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്.
കനത്ത മഴയിൽ ഗ്വാഡലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 59 മുതിർന്നവരും 36 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ 32 പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.