ഗുരുഗ്രാം: ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ അടിമുടി ദുരൂഹതയെന്ന് അന്വേഷണ സംഘം. രാധിക ടെന്നീസ് അക്കാദമി നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പിതാവിന്റെ മൊഴി.
എന്നാൽ കൊലയ്ക്കു പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയുമായി ബന്ധപ്പെട്ടു കൊലനടന്ന ദിവസം പിതാവും രാധികയും തമ്മിൽ തർക്കം നടന്നിരുന്നു. എന്നാൽ മകളെ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണമിതല്ലെന്ന് പിതാവ് ദീപക് യാദവ് മൊഴി നൽകിയിരുന്നു.
കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന രാധികയുടെ അമ്മ ഇതുവരെ പോലീസിന് മൊഴി നൽകിയിട്ടില്ല. ഇതും കൊലപാതകത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. അമ്മയുടെ പിറന്നാൾ ദിവസം ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് രാധിക യാദവിനെ അച്ഛൻ ദീപക് യാദവ് വെടിവെച്ച് കൊന്നത്.
ദീപക് യാദവിന്റെ സാമ്പത്തിക പ്രശ്നങ്ങളും അന്വേഷണ പരിധിയിലാണെന്ന് പോലീസ് പറഞ്ഞു. മകളുടെ ചിലവിലാണ് താൻ കഴിയുന്നതെന്ന് ബന്ധുക്കളുടെ പരിഹാസവും ദീപക്കിന് രാധികയോടുള്ള വിദ്വേഷം വർധിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്.