പമ്പയില്‍ തുണി ഉപേക്ഷിക്കരുത്

fb-sabarimala

പമ്പ: ശബരിമല തീര്‍ഥാടകര്‍ പമ്പാ സ്‌നാനത്തിനുശേഷം പഴയ വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുന്നതു ആചാരമല്ലെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നും ആവശ്യപ്പെട്ട് വ്യാപക പ്രചാരണം കൊഴുക്കുമ്പോഴും നദിയില്‍ നിന്ന് ദിവസവും ശേഖരിക്കുന്നത് ടണ്‍ കണക്കിനു തുണി. പമ്പാനദി സംരക്ഷണത്തിന്റെ ഭാഗമായാണ് പഴയ വസ്ത്രങ്ങള്‍ ഒഴുക്കുന്നത് അവസാനിപ്പിക്കുന്നതിലേക്ക് ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും ചേര്‍ന്ന ്പ്രചാരണം തുടങ്ങിയത്. പമ്പാ മണല്‍പ്പുറത്തു നിരന്തരം മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ട്. കൂടാതെ ഇതരസംസ്ഥാനങ്ങളില്‍ നടന്ന അയ്യപ്പസംഗമങ്ങളിലും ഗുരുസ്വാമിമാരുടെ യോഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്ലാസ്റ്റിക് വിമുക്ത ശബരിമലയുടെ പ്രചാരണ പരിപാടികളിലെ ഒരു ഇനവും പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കരുതെന്നതാണ്.

പ്രചാരണം ഏറെയുള്ളപ്പോഴും നട തുറന്ന് രണ്ടു ദിവസത്തിനുള്ളില്‍ പമ്പയില്‍ നിന്ന് ലോഡ്കണക്കിന് പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. ഇവ ശേഖരിക്കുന്നതിനായി തമിഴ്‌നാട്ടുകാര്‍ രംഗത്തുണ്ട്. തൊഴിലാളികളെ നിയോഗിച്ചാണ് വസ്ത്രങ്ങള്‍ ശേഖരിക്കുന്നത്. ഇവ പിന്നീട് കരയില്‍ കൊണ്ടുവന്ന് കെട്ടുകളാക്കി കടത്തുകയാണ്. നേരത്തെ ഇത്തരത്തില്‍ വസ്ത്രം മാറ്റാന്‍ ദേവസ്വം ബോര്‍ഡിനു കരാറുകാരുണ്ടായിരുന്നു.

തീര്‍ഥാടക സേവനകേന്ദ്രം
റാന്നി: തിരുവിതാംകൂര്‍ ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ റാന്നി രാമപുരം ക്ഷേത്രത്തിനു സമീപം തുറന്ന ശബരിമല തീര്‍ഥാടക സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ശബരിമല മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. പരിഷത്ത് പ്രസിഡന്റ് പി.എന്‍. നീലകണ്ഠന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി, രാജു ഏബ്രഹാം എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, ശശികല രാജശേഖരന്‍, ബിനോയ് കുര്യാക്കോസ്, കെ. ജയവര്‍മ, കെ.പി. സോമന്‍, ഭദ്രന്‍ കല്ലയ്ക്കല്‍, പി.വി. അനോജ് കുമാര്‍, പി.എന്‍. കുമാരന്‍, കെ.പി. ദാമോദരന്‍, ജഗദമ്മ രാജന്‍, രാജേഷ് ആനമാടം, ശ്രീനി ശാസ്താംകോവില്‍, ടി.സി. കുട്ടപ്പന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

തീര്‍ഥാടകര്‍ക്ക് കുടിവെള്ളം നല്‍കാന്‍ വിപുലമായ ക്രമീകരണം
ശബരിമല: ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് കുടിവെള്ളം നല്‍കാന്‍ വിപുലമായ ക്രമീകരണം ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബോര്‍ഡ് അംഗം അജയ് തറയില്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കിയോസ്കുകളിലൂടെ എട്ടു മണിക്കൂറില്‍ 27000 ലിറ്റര്‍ വെള്ളം ലഭിക്കും. മുന്നൂറോളം പൈപ്പുകളിലൂടെയാണ് ജലം ലഭിക്കുക. ഇതിനു പുറമേ 40 കൗണ്ടറുകളിലൂടെ മണിക്കൂറില്‍ 14000 ലിറ്റര്‍ തിളപ്പിച്ച ചുക്കുവെള്ളവും തീര്‍ഥാടകര്‍ക്ക് ലഭിക്കും.

പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡും ജലസേചന വകുപ്പും സംയുക്തമായി വേണ്ട ക്രമീകരണങ്ങള്‍ കുടിവെള്ളത്തിനായി ഒരുക്കിയിട്ടുണ്ട്.  കുന്നാറിനെയും പമ്പയേയും ആശ്രയിച്ചാണ് ശബരിമലയിലെ ശുദ്ധജല വിതരണം നിലനില്‍ക്കുന്നതെന്ന് അജയ് തറയില്‍ പറഞ്ഞു. മഴക്കുറവ് മൂലം ഇവിടെ നിന്നുള്ള ജലലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ശുദ്ധജലം എത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജലസേചന വകുപ്പിനോട് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

വലിയ നടപ്പന്തലില്‍ ക്യൂ നില്‍ക്കുന്ന തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ളം ലോഹനിര്‍മിത കാനുകളില്‍ നിറച്ച് വിതരണം ചെയ്യും. കൂടുതല്‍ കുടിവെള്ള പൈപ്പുകളും ജലശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. മണിക്കൂറില്‍ 10000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പ്ലാന്റിന്റെ നിര്‍മാണം പാണ്ടിത്താവളത്ത് ആരംഭിച്ചതായും അജയ് തറയില്‍ പറഞ്ഞ.ു

സന്നിധാനത്ത് പിആര്‍ഡി മീഡിയ സെന്റര്‍
ശബരിമല: സന്നിധാനത്ത് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മോഹനന്റെ നേതൃത്വത്തിലാണ് മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചീഫ് എന്‍ജിനിയര്‍ വി.ശങ്കരന്‍പോറ്റി, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കൃഷ്ണകുമാര്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട വിവരങ്ങളും വാര്‍ത്തയും ചിത്രങ്ങളും ഉള്‍പ്പെടുത്തി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാകുന്നു. മൊബൈല്‍ ആപ് ഉടന്‍തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാവും. തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

ആംബുലന്‍സ് സൗകര്യങ്ങളോടെ റസ്ക്യു വെഹിക്കിള്‍

ശബരിമല: അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി എമര്‍ജന്‍സി റെസ്ക്യു വെഹിക്കിള്‍ എത്തി. ആംബുലന്‍സ് സൗകര്യങ്ങളോടുകൂടിയ വാഹനമാണ് ശബരിമലയിലെത്തിയത്. ചെന്നൈ സ്വദേശികളായ കൃഷ്ണമൂര്‍ത്തി, ശിവസ്വാമി എന്നിവരാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന് വാഹനം നല്‍കിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍ എന്നിവര്‍ ചേര്‍ന്ന് വാഹനം ഏറ്റുവാങ്ങി. 10 മിനിട്ട് കൊണ്ട് ശരണപാതയിലൂടെ പമ്പയില്‍ നിന്നും സന്നിധാനത്ത് വാഹനമെത്തും.  പരിക്കേറ്റവരേയും അടിയന്തിര ശുശ്രൂഷ ആവശ്യമായവരേയും വാഹനത്തില്‍ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണമായിരിക്കും ചികിത്സ ആവശ്യമുള്ളവരെ വാഹനത്തില്‍ കൊണ്ടുപോകുക. വാഹനം ഓടിക്കുന്നതിനായി വനംവകുപ്പ് അനുമതിയും ലഭിച്ചിട്ടുണ്ട്.

Related posts