കോൽക്കത്ത: കാഷ്മീരിലേക്ക് ആരും പോകരുതെന്ന വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. മുസ്ലിംകൾ ഭൂരിപക്ഷമായ കാഷ്മീരിലേക്ക് ആരും പോകരുതെന്നും നമ്മുടെ ആളുകളെ മാത്രം തിരഞ്ഞുപിടിച്ച് കൊന്നവരാണ് അവിടെയുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ബംഗാളിലെ എല്ലാ ജനങ്ങളും കാഷ്മീർ സന്ദർശിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയ്ക്കു മറുപടിയായിട്ടായിരുന്നു സുവേന്ദു അധികാരിയുടെ ഈ പരാമർശം. ജമ്മുകാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പശ്ചിമ ബംഗാൾ സന്ദർശിച്ചതിനു പിന്നാലെയായിരുന്നു സുവേന്ദുവിന്റെ വിവാദ പരാമർശം.
പഹൽഗാം അക്രമണസമയത്ത് പൂഞ്ച്, രജോരി മേഖലകളിലേക്കു സഹായസംഘങ്ങളെ അയച്ചതിൽ ഒമർ അബ്ദുള്ള മമതയോട് നന്ദി പറഞ്ഞിരുന്നു. തുടർന്ന് മമതയെ കാഷ്മീരിലേക്ക് ക്ഷണിച്ചു. സെപ്റ്റബറിലെ ദുർഗാപൂജ സമയത്ത് താൻ കാഷ്മീരിലെത്താമെന്ന് മമത ഉറപ്പ് നൽകി. പിന്നാലെ ബംഗാളിലെ ജനങ്ങളോടും കാഷ്മീർ സന്ദർശിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ അങ്ങോട്ട് ആരും പോകരുതെന്നും നിങ്ങൾ ഹിമാചലിലേക്കും ഉത്തരാഖണ്ഡിലേക്കും പോകണമെന്നും സുവേന്ദു അധികാരി പറഞ്ഞു.