മുണ്ടക്കയം: സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം അതി രൂക്ഷമായിരിക്കുകയാണ്. ഒരോ ദിവസവും നിരവധി ആളുകളാണ് വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്. നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണെന്ന് സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് കർശന നടപടി സ്വീകരിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും പറഞ്ഞൊഴിയുന്പോൾ ഹോമിക്കപ്പെടുന്നത് നിരവധി മനുഷ്യ ജീവനുകളാണ്.
വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനെതിരേ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും പുറത്തുവരുന്നത് കൂച്ചുവിലങ്ങിട്ട നിയമങ്ങളുടെ വിവരങ്ങളാണ്.മനുഷ്യജീവന് ഏറ്റവും കൂടുതൽ ഭീഷണിയായി മാറിയിരിക്കുന്നതും കർഷകരുടെ കൃഷികൾ നശിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതും കാട്ടാനയും കാട്ടുപന്നിയുമാണ്.
ഇതിൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിനായുള്ള പ്രത്യേക ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കുകയും ചെയ്തു. ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി പഞ്ചായത്ത് പ്രസിഡന്റുമാരെയും പഞ്ചായത്ത് സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥനായും നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
ലൈസൻസുള്ള ഷൂട്ടർമാരെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവച്ച് കൊന്നതിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മണ്ണെണ്ണയൊഴിച്ച് നശിപ്പിച്ചു കളയണമെന്നാണ് വ്യവസ്ഥ. തോക്ക് ലൈസൻസുള്ളയാൾക്ക് ഒരു കാട്ടുപന്നിയെ കൊല്ലുന്നതിന് 1500 രൂപയും മറവുചെയ്യുന്നതിന് 2000 രൂപയുമാണ് പഞ്ചായത്തുകൾ നൽകുന്നത്.
നിയമം നിലവിൽ വന്ന് മാസങ്ങൾ കഴിഞ്ഞെങ്കിലും അപകടകാരികളായ കാട്ടുപന്നികളിൽ വളരെ കുറച്ച് എണ്ണത്തെ മാത്രമേ പിടികൂടുവാൻ കഴിഞ്ഞുള്ളൂ. ഇതിന് പ്രധാന കാരണം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കാണിക്കുന്ന അലംഭാവമാണെന്ന് ആക്ഷേപം ശക്തമാണ്.
മുന്പ് ഓരോ പഞ്ചായത്തിലും ലൈസൻസുള്ള തോക്കുണ്ടായിരുന്ന നിരവധി കർഷകരുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ കഴിഞ്ഞ ഒരു വർഷമായി സംസ്ഥാന സർക്കാർ തോക്കിന് ലൈസൻസ് പുതുക്കി നൽകുന്നില്ലെന്ന വിവരമാണെന്ന് പുറത്തുവരുന്നത്. ഇടുക്കി ജില്ലയിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരത്തിലധികം പേരുടെ തോക്കിനായുള്ള ലൈസൻസിനുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
മുൻകാലങ്ങളിൽ പോലീസിന്റെയും തഹസിൽദാരുടെയും റിപ്പോർട്ടുകൾ മാത്രം മതിയായിരുന്നു ലൈസൻസ് നൽകുന്നതിന്. എന്നാൽ, ഇത്തവണ ഈ റിപ്പോർട്ടുകൾക്ക് പുറമെ കണ്ണിന്റെ കാഴ്ച പരിശോധനാ റിപ്പോർട്ടും ആരോഗ്യ റിപ്പോർട്ടും ഉൾപ്പെടെ ഹാജരാക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതൊക്കെ സമർപ്പിച്ചിട്ടും തങ്ങൾക്ക് ലൈസൻസ് ലഭിച്ചിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
നിലവിൽ ലൈസൻസ് പുതുക്കാത്തവർ തങ്ങളുടെ തോക്കുകൾ ലൈസൻസിയായിട്ടുള്ള തോക്ക് വില്പന കേന്ദ്രങ്ങളിലെ ഡിപ്പോകളിൽ ഏൽപ്പിച്ചിരിക്കുകയാണ്. ഈ തോക്കുകൾ സൂക്ഷിക്കുന്നതിന് ആറുമാസം കൂടുമ്പോൾ 500 രൂപ ഫീസ് അടയ്ക്കേണ്ടതുമുണ്ട്. ഇതും കർഷകർക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇങ്ങനെ സംസ്ഥാനത്ത് 14 ജില്ലകളിലുമായി ആയിരക്കണക്കിന് ആളുകളുടെ തോക്കിനുള്ള ലൈസൻസുകളാണ് കളക്ടറേറ്റിൽ കെട്ടിക്കിടക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു.
കൂടാതെ ഇത്തരത്തിൽ ലൈസൻസുള്ള വ്യക്തികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക നിരീക്ഷണം നടത്തുന്നതായും കർഷകർ പറയുന്നു. വന്യമൃഗ ശല്യത്തിന് കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും മനുഷ്യജീവന് വിലകൽപ്പിക്കാതെ വന്യമൃഗങ്ങൾക്ക് നാട്ടിലിറങ്ങി വിഹരിക്കുന്നതിനുള്ള അവസരമാണ് അധികാരികൾ ഒരുക്കുന്നതെന്നും ആക്ഷേപമുണ്ട്.