മുംബൈ ബാന്ദ്രയിലെ തിരക്കേറിയ ജീവിതത്തിൽ നിന്നു മാറി കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന രവീണ ടണ്ടന്റെ നീലയ എന്ന ബംഗ്ലാവ് അതിമനോഹരമായ കാഴ്ചയാണ് ഒരുക്കുന്നത്. രവീണ, ഭർത്താവ് അനിൽ തഡാനി, മക്കളായ റാഷ, രൺബീർ എന്നിവരാണ് ഈ വീട്ടിലെ താമസക്കാർ.
പലതരം ആർക്കിടെക്ചറൽ ശൈലികളുടെ ഒരു മിക്സാണ് ഈ വീട്ടിൽ കാണാനാവുക. മൊറോക്കൻ, ഫ്രഞ്ച്, യൂറോപ്യൻ, ദക്ഷിണേന്ത്യൻ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വീടിന്റെ അകവും പുറവും ഒരുക്കിയിരിക്കുന്നത്. നീലയ എന്ന വാക്കിന്റെ അർഥം നീല വാസസ്ഥലം എന്നാണ്. 70 കോടി രൂപ ചെലവഴിച്ചാണ് കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഈ വീടൊരുക്കിയത്.
വീടിനകത്ത് നന്തി, ഗണേശൻ, ശിവൻ, പാർവതി എന്നിവരുടെ കൽപ്രതിമകൾ വാസ്തുശാസ്ത്ര പ്രകാരം ഒരുക്കിയിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, പ്രവേശന കവാടത്തിലെ നന്തി ശിൽപത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ട്. ദക്ഷിണേന്ത്യയിലെ ഒരു ക്ഷേത്രനഗരത്തിൽ നിന്നാണ് ഇതു കൊണ്ടുവന്നതെന്നാണു റിപ്പോർട്ടുകൾ.
ആർട്ട് വർക്കുകളാലും പെയിന്റിംഗുകളാലും സമൃദ്ധമാണു വീട്ടകം. പരേഷ് മൈറ്റി, തോട്ട വൈകുണ്ഠം തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ ചിത്രങ്ങൾ ചുവരുകളെ അലങ്കരിക്കുന്നു. സ്വീകരണമുറിയിൽ മാർബിൾ തറകളും ചുവന്ന ഇഷ്ടികച്ചുവരുകളുമുണ്ട്. ഇളംനിറത്തിലുള്ള കർട്ടനുകൾകൊണ്ടു പൊതിഞ്ഞ വലിയ ഗ്ലാസ് വാതിലുകൾക്കു സമീപം ഗ്രേ-ബ്ലാക്ക് കളർ ടോണിലുള്ള സോഫകളും കാണാം.
മൃദുവായ ഒലിവ് പച്ച പരവതാനി, കുടുംബ ഫോട്ടോകളാൽ അലങ്കരിച്ച ഗ്ലാസ് സൈഡ് ടേബിളുകൾ, തിളങ്ങുന്ന സ്വർണവിളക്ക് എന്നിവ മുറിയെ ഊഷ്മളവും സ്റ്റൈലിഷുമാക്കുന്നു. വുഡൻ ബേസുള്ള മാർബിൾ-ടോപ്പ് ബാർ കൗണ്ടറും ലെതർ ബാർ സ്റ്റൂളുകളും ഇവിടെ കാണാം. ഡൈനിംഗ് ഏരിയയ്ക്ക് ഒരു യൂറോപ്യൻ ലുക്കാണ് ഉള്ളത്. രവീണയുടെ കിടപ്പുമുറി ഒരുക്കിയിരിക്കുന്നതു ജേഡ് പച്ച തീമിലാണ്. മേക്കപ്പ് ലൈറ്റുകളുള്ള മനോഹരമായ ഒരു വിന്റേജ്-സ്റ്റൈൽ വാനിറ്റി ടേബിളും സമാധാനപരവും പോസിറ്റീവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ചില ഫെങ് ഷൂയി സസ്യങ്ങളും ഇവിടെ നൽകിയിട്ടുണ്ട്.
“അനിലും ഞാനും ഒരു പ്രത്യേക ശൈലിയിൽ ഒതുങ്ങാൻ ആഗ്രഹിച്ചില്ല. മൊറോക്കൻ ഡിസൈനിന്റെ സങ്കീർണത എന്നെ ആകർഷിച്ചതുപോലെ, കേരളത്തിന്റെ ഉദാത്തമായ വാസ്തുവിദ്യയെയും ഞാൻ വളരെയധികം സ്നേഹിക്കുന്നു.
ഗ്രാമീണത, എനിക്ക് ഇഷ്ടമാണ്. അതിനൊപ്പം, ലക്ഷ്വറി ഫിനിഷുകളുടെ ആഡംബരവും എനിക്കു വേണമായിരുന്നു. വീടിന് എന്താണു വേണ്ടതെന്ന് അനിലിനും എനിക്കും കൃത്യമായി അറിയാമായിരുന്നു. വീടിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് യാഥാർഥ്യമാക്കാൻ ആർക്കിടെക്റ്റുകളായ സാകേത് സേഥിയും ശബ്നം ഗുപ്തയും സഹായിച്ചു,”
രവീണ ടണ്ടൻ പറഞ്ഞു.