കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങി. സ്ഥാനാര്‍ഥി പത്രികാവിതരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് അടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15 ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം സ്ത്രീ സംവരണമാണ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15ന് വോട്ടെടുപ്പ്. വൈകിട്ടോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന് എന്നിവരാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ മനോജ്ചന്ദ്രനാണ് വരണാധികാരി.
മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും ലാല്‍ അതില്‍നിന്ന് പിന്മാറുകയായിരുന്നു. സീനിയര്‍ നടനായ വിജയരാഘവനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം ഒരു വിഭാഗം നടത്തുന്നുണ്ട്. യുവ നടന് കുഞ്ചാക്കോ ബോബന്റെ പേരും ഉയരുന്നുണ്ട്. പ്രധാന ഭാരവാഹിത്വത്തിലേക്ക് വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദമാണ് അമ്മയില്‍ അഴിച്ചു പണിക്ക് വഴിയൊരുക്കിയത്. പീഡനപരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജിനല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്ന് പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.