കോഴിക്കോട്: ഏകദേശം രണ്ടുമാസമായി ഇടവിട്ടിടവിട്ട് തുടരുന്ന മഴയ്ക്കൊടുവില്‍ വരുന്ന മൂന്നുദിവസങ്ങളില്‍ മലബാറില്‍ അതിതീവ്ര മഴ സാധ്യതാ പ്രവചനം. അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കസര്‍കോഡ് ജില്ലകളിലും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: ജൂലൈ 18: ഇടുക്കി, മലപ്പുറം, കോഴിക്കോട്. ജൂലൈ 19: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം. ജൂലൈ 20: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്. ജൂലൈ 21: കണ്ണൂര്‍, കാസര്‍കോട്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: ജൂലൈ 18: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്. ജൂലൈ 19: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം. ജൂലൈ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം. ജൂലൈ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ബുധന്‍, വ്യാഴം ദിവസങ്ങളിലായി മലബാറില്‍ പെയ്ത കനത്ത മഴയില്‍ വ്യാപകമായ നാശനഷ്ടമാണുണ്ടായത്. കോഴിക്കോട്ടെ മലയോര മേഖലകളില്‍ കനത്ത മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കഴിഞ്ഞതവണ ഉരുള്‍പൊട്ടിയ വിലങ്ങാട് മലയോരത്ത് ബുധനാഴ്ച രാത്രി ആളുകള്‍ ജീവന് കയ്യില്‍പിടിച്ചാണ് കഴിച്ചുകൂട്ടിയത്. കുറ്റ്യാടി, തൊട്ടില്‍പാലം, വിലങ്ങാട്, നാദാപുരം മേഖലകളിലെ പുഴകളിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി.
പാതിരാത്രിക്ക് ആളുകള്‍ വീടുകളില്‍ നിന്ന് ഓടിരക്ഷപെടുകയായിരുന്നു. മുന്‍ വര്‍ഷങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍, ഇത്തവണ മഴ ശക്തമായപ്പോഴേക്കും ആളുകള്‍ താമസ സ്ഥലത്തുനിന്ന് മാറിയതിനാല്‍ ആളപായം ഒഴിവായി. കഴിഞ്ഞ വര്‍ഷം ജൂലൈ 30 നാണ് നാടിനെ നടുക്കി വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായത്.
നാനൂറിലേറെ പേരുടെ ജീവനെടുത്ത മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ നടന്ന വയനാട്ടിലും അതീവജാഗ്രതാ നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല ഭാഗങ്ങളിലേക്ക് ആളുകള്‍ക്ക് പ്രവേശന നിയന്ത്രണമുണ്ട്. കുറ്റ്യാടി, താമരശേരി ചുരത്തില്‍ രാത്രികാലങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.