ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നു പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്കു പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തേക്കാൾ സജീവമായി നമ്മളിൽ പിടി മുറുക്കുന്നതായി കാണാം.
പ്രതിരോധശക്തികുറയുന്പോൾ
മനുഷ്യരിലുള്ള സഹജമായ ബലം അല്ലെങ്കിൽ പ്രതിരോധശക്തി ഇക്കാലത്തു കുറയുന്നതാണ് ഒരു കാരണം.ദുഷിച്ച അന്തരീക്ഷത്തിൽ പെരുകുന്ന രോഗാണുക്കൾ, കൊതുക് മുതലായവയുടെ ആക്രമണമാണ് മറ്റൊരു പ്രധാന കാരണം.
ചുരുക്കത്തിൽ വെള്ളക്കെട്ട്, കൊതുകുകൾ പെരുകൽ തുടങ്ങിയവ തടയുന്നതിനുള്ള മഴക്കാലപൂർവ ശുചീകരണം പോലെ നമ്മുടെ ശരീരത്തിലും ശുചീകരണം നടത്തേണ്ട സമയമാണ് വർഷകാലം.
ആഹാരം ഔഷധമായി…
ആഹാരം ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണു കർക്കടകം. പത്തിലയും ദശപുഷ്പവുമൊക്കെ ഔഷധമാക്കുന്ന കാലം. പഞ്ഞമാസത്തെ രോഗപ്രതിരോധത്തിനും ശരീരശക്തിക്കുമായി പ്രയോജനകരമാക്കിയായിരുന്നു ജീവിതചര്യ.
ഔഷധക്കഞ്ഞി
അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ പൂർവികർ അനുവർത്തിച്ചു പോന്നിരുന്ന ഔഷധക്കഞ്ഞിയുടെ സേവ.ദശമൂലവും ത്രികടുവും ശതകുപ്പയും ഉലുവയും ജീരകവും ചേർത്ത ഔഷധക്കഞ്ഞി സേവിക്കുന്നതുമൂലം ദേഹപോഷണവും ദഹനവും രോഗപ്രതിരോധ ശേഷിയും മാത്രമല്ല വർഷകാലത്ത് സജീവമാകുന്ന വാതകഫരോഗങ്ങളെ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.
നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി
എല്ലാവർക്കും കഞ്ഞിക്ക് നവരയരി അനുയോജ്യമാകാത്തതിനാൽ നുറുക്കു ഗോതമ്പ്, ബാർലി, പൊടിയരി ഇവയിലേതെങ്കിലും പ്രയോജനപ്പെടുത്താവുന്നതാണ്.
(തുടരും)